എറണാകുളം: കോതമംഗലം - വടാട്ടുപാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പുളിമരത്തിൽ കയറിയ കൂറ്റൻ രാജവെമ്പാലയെ മണിക്കൂറുകൾക്ക് ശേഷം പിടികൂടി. വടാട്ടുപാറ പൊയ്ക ഗവൺമെന്‍റ് സ്കൂളിന് അടുത്തുള്ള വനിത സൊസൈറ്റിയുടെ പുറകുവശത്തെ സ്വകാര്യ വ്യക്തിയുടെ പുളിമരത്തിലാണ് ചൊവ്വാഴ്‌ച ഉച്ചയോടെ രാജവെമ്പാലയെ കണ്ടത്. 16 അടിയോളം നീളം വരുന്ന രാജവെമ്പാലയാണ് പുളിമരത്തില്‍ കയറിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പാമ്പുപിടുത്തക്കാരൻ മാർട്ടിൻ മേയ്ക്കമാലിയും മണിക്കൂറുകൾ പരിശ്രമിച്ചാണ് പാമ്പിനെ പിടികൂടിയത്.
പുളിമരത്തിൽ 16 അടിയോളം നീളം വരുന്ന രാജവെമ്പാല - kothamangalam
16 അടിയോളം നീളം വരുന്ന രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥരും പാമ്പുപിടുത്തക്കാരൻ മാർട്ടിൻ മേയ്ക്കമാലിയും മണിക്കൂറുകളുടെ പരിശ്രമത്തിന് ശേഷമാണ് പിടികൂടിയത്
വിവരമറിഞ്ഞ് വൻ ജനാവലിയാണ് കാഴ്‌ചക്കാരായെത്തിയത്. ഉയരം കൂടിയ പുളിമരത്തിന്‍റെ ചെറു ചില്ലയിൽകൂടി പാമ്പ് കൂടുതൽ മുകളിലേക്ക് കയറിയത് വീണ്ടും ദുഷ്‌കരമാകുകയായിരുന്നു. കുട്ടമ്പുഴ പൊലീസും, കോതമംഗലം ഫയർഫോഴ്‌സും സ്ഥലത്തെത്തി കോടനാട് നിന്നും വനംവകുപ്പിന്‍റെ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ സാബുവുൾപ്പെടെ സംഘവും രാത്രിയോടെ എത്തിച്ചേർന്നു. രാത്രി വൈകി രണ്ട് മണിയോടെ രക്ഷാപ്രവർത്തനം നിർത്തിവച്ച് ഫയർഫോഴ്‌സും സംഘവും മടങ്ങിയെങ്കിലും സാബുവിന്‍റെയും മാർട്ടിന്‍റെയും നേതൃത്വത്തിൽ വനപാലകർ രാവിലെ തന്നെ രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. പാമ്പ് ഇരുന്ന കൊമ്പ് വെട്ടിവീഴ്ത്തിത്തിയാണ് കൂറ്റൻ രാജവെമ്പാലയെ 20 മണിക്കൂറുകൾക്ക് ശേഷം പിടികൂടിയത്. രാജവെമ്പാലയെ കരിമ്പാനി വനത്തിൽ തുറന്നു വിട്ടു.