കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി വിതറും; അഗതിമന്ദിരത്തിലെ പീഡനം തുറന്നുപറഞ്ഞ് അന്തേവാസികൾ - സ്‌നേഹാലയം ട്രസ്റ്റിന് എതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
അന്തേവാസികളുടെ വാർധക്യപെൻഷനും, സർവീസ് പെൻഷനും ഉൾപ്പെടെ തട്ടിയെടുക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പറയുന്ന രാധ എന്ന അന്തേവാസിയുടെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.
മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭയിലെ ഭരണകക്ഷി കൗൺസിലർ പ്രസിഡന്‍റായ അഗതി മന്ദിരത്തില്‍ അന്തേവാസികൾക്ക് ക്രൂര പീഡനമെന്ന് പരാതി. സ്‌നേഹാലയം ട്രസ്റ്റിന്‍റെ അഗതി മന്ദിരത്തിലാണ് അന്തേവാസികളെ ശാരീകവും മാനസികവുമായി പീഡിപ്പിക്കുന്നതായി പരാതിയുള്ളത്. പീഡനം സഹിക്കവയ്യാതെ അന്തേവാസികളില്‍ ചിലർ സംഭവം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ഇതോടെ ട്രസ്റ്റിനെതിരെ നടപടിയെടുക്കണമെന്നും സ്‌നേഹവീടിന്‍റെ ചുമതല നഗരസഭ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തി.