എറണാകുളം:സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഈ വിഷയത്തിൽ സർക്കാർ നിലപാട് കോടതിയെ ഇന്ന് അറിയിക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു.
കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും - reduction in Covid treatment rates
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്ക് വൻ തുകയാണ് നിലവിൽ ഈടാക്കുന്നതെന്നും സാധാരണക്കാരും ചെറിയ വരുമാനമുള്ളവർക്കും താങ്ങാനാവുന്ന തരത്തിൽ ഇത് പുതുക്കി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് വൻ തുകയാണ് നിലവിൽ ഈടാക്കുന്നതെന്നും സാധാരണക്കാരും ചെറിയ വരുമാനമുള്ളവർക്കും താങ്ങാനാവുന്ന തരത്തിൽ ഇത് പുതുക്കി നിശ്ചയിക്കണമെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പെരുമ്പാവൂരിലെ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്‍റെ ലീഗൽ സെൽ വൈസ് ചെയർമാൻ അഡ്വ. സാബു പി. ജോസഫാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സ്വകാര്യ ആശുപത്രിയിൽ സൗജന്യ കൊവിഡ് ചികിത്സ നൽകണമെന്നും കൊവിഡ് രോഗികളെ ചികിത്സിക്കാൻ സംസ്ഥാനത്ത് താൽകാലിക ആശുപത്രികൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഒഴിവുള്ള ബെഡുകൾ, ഐസിയു ബെഡുകൾ, വെന്‍റിലേറ്ററുകൾ എന്നിവയുടെ എണ്ണം ഓരോ ദിവസവും പ്രദർശിപ്പിക്കാൻ സംവിധാനം വേണം, കൊവിഡ് പരിശോധനകൾക്ക് സ്വകാര്യ ലാബുകളിലെ നിരക്ക് പുനർ നിർണയിക്കണം എന്നീ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.