എറണാകുളം: ബ്രഹ്മപുരത്ത് പുതിയ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കാൻ കൊച്ചി കോർപ്പറേഷൻ നടപടികൾ ആരംഭിച്ചു. പുതിയ പ്ലാന്‍റ് സ്ഥാപിക്കാനാണ് കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചത്. ദിനം പ്രതി 150 ടൺ ജൈവ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്‍റ് നിർമിക്കണമെന്നാണ് കോർപ്പറേഷന്‍റെ ആവശ്യം.
48.56 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്ലാന്‍റ് നിർമിക്കുന്നതിന് 39.49 കോടി രൂപയും അഞ്ച് വർഷം പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണിക്കുമായി 9.07 കോടി രൂപയുമാണ് കണക്കാക്കുന്നത്.
വ്യവസ്ഥകൾ: പ്ലാന്‍റ് നിർമിക്കുക, കമ്മിഷൻ ചെയ്യുക, അഞ്ച് വർഷക്കാലം പ്ലാന്‍റ് പ്രവർത്തിപ്പിക്കുക, അറ്റകുറ്റപ്പണി നടത്തുക, എന്നിവ കൂടാതെ പ്രതിവർഷം 43,800 ടൺ മാലിന്യം കൈകാര്യം ചെയ്‌ത് പരിചയമുണ്ടാകണം, മാലിന്യം സംസ്‌കരിച്ച് വളമാക്കി മാറ്റുകയും വിൽക്കുകയും ചെയ്‌തതിന്‍റെയും മുൻപരിചയം വേണം, തുടങ്ങിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് ടെൻഡർ ക്ഷണിച്ചത്.
ഈ മാസം 25നുളളിൽ ടെൻഡർ സമർപ്പിക്കണമെന്നാണ് കോർപ്പറേഷന്‍റെ നിർദേശം. പ്ലാന്‍റിലെത്തിക്കുന്ന മാലിന്യം സംസ്‌കരിക്കാൻ ടണ്ണിന് നിശ്ചിത തുക വീതം ടിപ്പിങ് ഫീസായി കോർപ്പറേഷൻ നൽകും. എട്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയും ഒമ്പത് മാസത്തിനുള്ളിൽ പ്ലാന്‍റ് പ്രവർത്തിപ്പിക്കുകയും വേണമെന്നാണ് കോർപ്പറേഷൻ നിർദേശിക്കുന്നത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് പ്രവർത്തന രഹിതമായ സാഹചര്യത്തിലാണ് പുതിയ പ്ലാന്‍റ് നിർമിക്കുന്നത്. രണ്ട് മാസം മുമ്പ് പ്ലാന്‍റ് സ്ഥാപിക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് കൗൺസിൽ യോഗം ചേരാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നായിരുന്നു ടെൻഡർ ക്ഷണിക്കാൻ വൈകിയത്.
അതേസമയം, മാലിന്യം സംസ്‌കരിക്കുന്ന കമ്പനിക്ക് വിവാദമായ ടിപ്പിങ് ഫീസ് നൽകുമെന്ന വ്യവസ്ഥയും കരാറിലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തമുണ്ടായതിന് ശേഷവും ജൈവ മാലിന്യം ഇവിടെ എത്തിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായ സംസ്‌കരണം നടന്നിരുന്നില്ല. വേസ്റ്റ് എനർജി പ്ലാന്‍റ് നിലവിൽ വരുന്നതിന് മുമ്പായി ജൈവ സംസ്‌കരണ പ്ലാന്‍റ് ആവശ്യമാണെന്ന കൊച്ചി കോർപ്പറേഷന്‍റെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു.