എറണാകുളം: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്ത് വർഷത്തെ തടവുശിക്ഷ വിധിച്ച് കവരത്തി കോടതി. കവരത്തി ജില്ല സെഷന്‍സ് കോടതിയാണ് എംപിയും സഹോദരങ്ങളും ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ ശിക്ഷ വിധിച്ചത്. എൻസിപി പ്രവർത്തകരായ പ്രതികൾ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിലാസ് ശിക്ഷ.
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്; ലക്ഷദ്വീപ് എംപിയ്‌ക്ക് 10 വര്‍ഷത്തെ തടവ് ശിക്ഷ - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത
കോൺഗ്രസ് പ്രവർത്തകനെ എന്‍സിപി പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പെടെ നാല് പേര്‍ക്ക് ശിക്ഷ വിധിച്ച് കവരത്തി ജില്ല സെഷന്‍സ് കോടതി
2009ലെ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ സംഘര്‍ഷത്തിനിടെ മുഹമ്മദ് സാലി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കോടതി കണ്ടെത്തിയത്. ഒരു ഷെഡ് സ്ഥാപിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മുഹമ്മദ് സാലിയുടെ പരാതിയില്‍ മുഹമ്മദ് ഫൈസലും സഹോദരനും ഉള്‍പ്പടെ 32 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.
പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടന്ന വിചാരണ പൂര്‍ത്തിയാക്കിയാണ് ശിക്ഷ. മുഹമ്മദ് ഫൈസല്‍ എംപി രണ്ടാം പ്രതിയാണ്. മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്, നേതാവുമായിരുന്ന പി എം സയിദിന്‍റെ മകളുടെ ഭര്‍ത്താവാണ് ആക്രമിക്കപ്പെട്ട മുഹമ്മദ് സാലി. അതേസമയം, ശിക്ഷാവിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഫൈസൽ അറിയിച്ചു.