കേരളം

kerala

ETV Bharat / state

'ആദ്യം കയ്‌ച്ചു ഇപ്പോള്‍ മധുരിച്ച് തുടങ്ങി'; ചരിത്ര നേട്ടവുമായി കൊച്ചി മെട്രോ, യാത്രക്കാരുടെ എണ്ണം 10 കോടി കടന്നു - KMRL

Kochi Metro Service: പുതുവത്സരത്തില്‍ റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രോ. അഞ്ച് വര്‍ഷത്തിനുള്ളില്‍ മെട്രോയില്‍ യാത്ര ചെയ്‌തത് 10,33,59,586 ജനങ്ങള്‍. യാത്രക്കാര്‍ക്ക് ഉപകാരപ്രദമായി കൊച്ചി വൺ ആപ്പ്.

കൊച്ചി മെട്രോ സര്‍വീസ്  Kochi Metro Service  KMRL  കൊച്ചി മെട്രോ പുതുവത്സരം
Success Of Kochi Metro; New Year Celebrations With KMRL

By ETV Bharat Kerala Team

Published : Dec 30, 2023, 5:43 PM IST

എറണാകുളം: നഗര യാത്രയിൽ ഗതാഗത കുരുക്കിൽ വലഞ്ഞവരോട് മെട്രോ അധികൃതർ പറഞ്ഞത് 'ആദ്യം കയ്ക്കും പിന്നെ മധുരിക്കുമെന്ന' എന്നായിരുന്നു. ഇത് അക്ഷരാർഥത്തിൽ ശരിവയ്‌ക്കുന്നതാണ് കൊച്ചി മെട്രോയുടെ തുടക്കവും പ്രവർത്തനങ്ങളും. പത്ത് കോടി യാത്രക്കാരുടെ പിന്തുണയുമായി കൊച്ചി മെട്രോ പുതുവത്സരത്തിലേക്ക് പ്രവേശിക്കുകയാണ്.

സർവീസ് ആരംഭിച്ച് 5 വർഷത്തിനുള്ളിൽ പ്രവർത്തന ചെലവുകൾ വരുമാനത്തിൽ നിന്ന് തന്നെ നിറവേറ്റാൻ കഴിഞ്ഞ സാമ്പത്തിക വർഷം കെഎംആർഎല്ലിന് സാധിച്ചു. 2023 അവസാനിക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് കെഎംആർഎൽ. കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്‌തവരുടെ എണ്ണം 10,33,59,586 ആണ്.

കൊച്ചി മെട്രോ സർവീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്‌തവരുടെ എണ്ണമാണ് പത്ത് കോടി കടന്നത്. വെറും ആറര വർഷത്തിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്. ആദ്യം 2021 ഡിസംബർ 21നാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനകം 2022 ജൂലൈ 14ന് യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 4 കോടി ജനങ്ങളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തത്.

2023ൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായത്. വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള വിവിധ യാത്ര പാസുകൾ, ഓഫറുകൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങളെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കാൻ കെഎംആർഎൽ അധികൃതർ നടത്തിയ തുടർച്ചയായ പരിശ്രമങ്ങൾ ഫലം കാണുകയായിരുന്നു. 2023 ജനുവരിയിൽ 79130 ആയിരുന്ന ശരാശരി യാത്രക്കാരുടെ എണ്ണം. ഡിസംബറിൽ അത് 94000 ആയി ഉയർന്നിരിക്കുന്നു.

ഈ വർഷം 40 ദിവസമാണ് യാത്രക്കാരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം പിന്നിട്ടത്. 2023 ഒക്ടോബർ 21നാണ് കൊച്ചി മെട്രോയിൽ ഏറ്റവുമധികം ആളുകൾ യാത്ര ചെയ്‌തത്. 132,161 ആളുകളാണ് അന്ന് യാത്രക്കായി മെട്രോയെ ആശ്രയിച്ചത്.

ടിക്കറ്റ് ഇനത്തിൽ കൊച്ചി മെട്രോ ഏറ്റവും അധികം വരുമാനം നേടിയതും 2023 ഒക്ടോബർ 21നാണ്. നിർമാണം പൂർത്തിയായി തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് കൂടി സർവീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോ മുന്നോട്ടുവച്ച മാതൃകയിലൂടെ കെഎംആർഎല്ലിന് പ്രവർത്തന ചെലവുകളെ പിടിച്ചുനിർത്തുവാൻ സാധിച്ചു. പരിസ്ഥിതിക്ക് പ്രാധാന്യം നൽകുന്ന മഴവെള്ള സംഭരണം, സൗരോർജ പദ്ധതികൾ എന്നിവയും കൊച്ചി മെട്രോയെ വേറിട്ടതാക്കുന്നു.

ടിക്കറ്റ് ബുക്കിങ്ങിലും ബഹുദൂരം മുന്നില്‍:ഡിജിറ്റൽ ടിക്കറ്റിങ്ങിലും കൊച്ചി മെട്രോ ബഹുദൂരം പിന്നിട്ടു കഴിഞ്ഞു. കൊച്ചി വൺ ആപ്പ് വഴിയുള്ള ഗ്രൂപ്പ് ബുക്കിങ് സൗകര്യം നിരവധിയാളുകളാണ് ഉപയോഗിക്കുന്നത്. വാട്‌സ്‌ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സേവനം ഉടൻ നിലവിൽ വരുമെന്നും കെഎംആർഎൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വാട്ടർ മെട്രോയും മറ്റ് കണക്റ്റിവിറ്റി സൗകര്യവും യാത്രക്കാർക്ക് ഇടയിൽ കൊച്ചി മെട്രോയുടെ സ്വീകാര്യത വർധിപ്പിക്കുകയാണ്. മെട്രോ കാക്കനാടേക്ക് കൂടി എത്തുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്.

also read:'1 വര്‍ഷം 1 കോടി യാത്രക്കാര്‍' റെക്കോര്‍ഡ് നേട്ടവുമായി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം

ABOUT THE AUTHOR

...view details