എറണാകുളം : അങ്കമാലിയിലെ തമിഴ്‌നാട് സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്‌നാട് സ്വദേശികളായ തിരുയെൻഗാമല തിരുമൈലൂർ അരവിന്ദൻ(59), തിരുവള്ളൂർ മാരിയമ്മൻ കോവിൽ നാഗമണി (42) എന്നിവരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്‌തു. അങ്കമാലി കരയാംപറമ്പ് സ്വദേശിയായ വർഗീസ് എന്നയാളുടെ എളവൂരിലെ പെട്രോൾ പമ്പിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ (50) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു (ജൂലൈ 13) കേസിനാസ്‌പദമായ സംഭവം. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മരണ കാര്യത്തിൽ സംശയം ഉണ്ടായിരുന്നെങ്കിലും മൃതദേഹത്തിൽ പുറമെ പരിക്കുകൾ ഇല്ലായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം തലയോട്ടി പൊട്ടിയതു കൊണ്ടാണെന്നും, ശക്തിയായി ഭിത്തിയിലോ തറയിലോ തലയടിച്ചാൽ ഉണ്ടാകുന്ന തരത്തിലുള്ള മുറിവാണെന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
തുടർന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്‌ടർ പി ലാൽ കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണത്തിൽ കണ്ണന്‍റെ മരണ സമയത്ത് കൂടെ രണ്ട് പേർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം തെളിഞ്ഞത്.
രണ്ട് പ്രതികളും മദ്യപിച്ച ശേഷം കണ്ണൻ താമസിക്കുന്ന മുറിയിൽ അതിക്രമിച്ച് കയറി തറയിൽ കിടന്നിരുന്ന കണ്ണന്‍റെ മുഖത്തടിച്ചു. തുടർന്ന്, തലപിടിച്ച് തറയിൽ ശക്തിയിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയോട്ടിയുടെ ഉൾഭാഗത്ത് പൊട്ടലും ആന്തരിക രക്തസ്രാവവും ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
മുൻപ് അങ്കമാലി ഭാഗത്തുള്ള കള്ള് ഷാപ്പിന് മുൻവശത്ത് വച്ച് കണ്ണനുമായി അടിപിടി കൂടിയതിന്‍റെ വൈരാഗ്യം നാഗമണിയ്ക്കുണ്ടായിരുന്നു. പണിക്കൂലിയും, മദ്യത്തിന്‍റെ പണവും നൽകാത്തതിലുള്ള വൈരാഗ്യം അരവിന്ദനും കണ്ണനോട് ഉണ്ടായിരുന്നു.