കേരളം

kerala

ETV Bharat / state

സിറോ മലബാർ സഭാ നിർണ്ണായക സിനഡ് യോഗം തിങ്കളാഴ്‌ച ആരംഭിക്കും

വത്തിക്കാന്‍റെ അച്ചടക്ക നടപടിക്ക് ശേഷം എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണപരമായ ചുമതലകൾ കർദിനാൾ ആലഞ്ചേരി ഏറ്റെടുത്ത ശേഷം നടക്കുന്ന സിനഡ് യോഗം കൂടിയാണിത്

സിറോ മലബാർ സഭാ

By

Published : Aug 17, 2019, 5:17 PM IST

Updated : Aug 17, 2019, 5:53 PM IST

കൊച്ചി: വിവാദങ്ങൾക്കിടെ സിറോ മലബാർ സഭാ നിർണ്ണായക സിനഡ് യോഗം തിങ്കളാഴ്‌ച ആരംഭിക്കും. വിവിധ അതിരൂപതകളിൽ നിന്നുള്ള അറുപത്തിനാല് മെത്രാന്മാരാണ് രണ്ടാഴ്‌ചയോളം നീണ്ടു നിൽക്കുന്ന സിനഡ് യോഗത്തിൽ പങ്കെടുക്കുക. വത്തിക്കാന്‍റെ അച്ചടക്ക നടപടിക്ക് ശേഷം എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭരണപരമായ ചുമതലകൾ കർദിനാൾ ആലഞ്ചേരി ഏറ്റെടുത്ത ശേഷം നടക്കുന്ന സിനഡ് യോഗം കൂടിയാണിത്. സഹായമെത്രാന്മാരെ പുറത്താക്കിയതിനെതിരെയും, ഭരണപരമായ ചുമതലകളിൽ കർദിനാൾ ആലഞ്ചേരി തിരിച്ചെത്തിയതിനെതിരെയും വൈദികരുടെയും അൽമായരുടെയും നേതൃത്വത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ നിരവധി പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. അതിരൂപതയിലെ വൈദികർ സഭാ ആസ്ഥാനത്ത് തന്നെ പ്രതിഷേധ ഉപവാസവും നടത്തിയിരുന്നു. സിനഡ് യോഗം പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് അന്ന് പ്രതിഷേധങ്ങൾ അവസാനിപ്പിച്ചത്.

കർദിനാൾ ആലഞ്ചേരി ആരോപണ വിധേയനായ വിവാദ ഭൂമി ഇടപാടിൽ അതിരൂപതയ്ക്കുണ്ടായ നഷ്‌ടം പരിഹരിക്കുക, അതിരൂപതയ്ക്ക് ഭരണപരമായ ചുമതലയുള്ള ആർച്ച് ബിഷപ്പിനെ നിയമിക്കുക, സഹായമെത്രാന്മാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സിനഡ് അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് വിശ്വാസികൾ നീങ്ങുമെന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ മുന്നറിയിപ്പ് നൽകി.

സിറോ മലബാർ സഭാ നിർണ്ണായക സിനഡ് യോഗം തിങ്കളാഴ്‌ച ആരംഭിക്കും

എറണാകുളം- അങ്കമാലി അതിരൂപതയിലെ പതിനാറ് ഫെറോനകളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങളുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം, സിനഡ് ചേരുന്ന കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലെത്തി നാളെ കൈമാറും.

Last Updated : Aug 17, 2019, 5:53 PM IST

ABOUT THE AUTHOR

...view details