എറണാകുളം:കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം അതിരൂപതയിലെ രൂക്ഷമായ അഭിപ്രായ ഭിന്നതയ്ക്കിടെ സിറോമലബാർ സഭയുടെ (Syro Malabar) പ്രത്യേക സിനഡ് സമ്മേളനത്തിന് തുടക്കമായി. ഇന്നലെ (ജൂണ്‍ 12) സഭ ആസ്ഥാനമായ മൗണ്ട് സെന്‍റ് തോമസില്‍ വച്ച് കര്‍ദിനാള്‍ ജോര്‍ജ് അലഞ്ചേരി (George Alencherry) ഉദ്‌ഘാടനം ചെയ്‌ത സിനഡ് സമ്മേളനം ഈ മാസം 16നാണ് അവസാനിക്കുന്നത്. സിനഡ് സമ്മേളനത്തിന്‍റെ ഒന്നാം ദിനത്തില്‍ സഭ നേരിടുന്ന സാമൂഹിക - രാഷ്ട്രീയ - കാർഷിക മേഖലകളിലെ വിവിധ പ്രതിസന്ധികളെ കുറിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് സംസാരിച്ചു.
മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നിലപാടിനെ അദ്ദേഹം വിമര്‍ശിച്ചു. ക്രൈസ്‌തവര്‍ നിഷ്‌ഠൂരമായാണ് മണിപ്പൂരില്‍ പീഡിപ്പിക്കപ്പെട്ടത്. എന്നിട്ടും അതിനെതിരെ സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാൻ വൈമുഖ്യം കാണിക്കുന്നത് തികച്ചും കുറ്റകരമാണ്.
കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാരുകള്‍ അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നിട്ടും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നില്ല എന്ന സത്യം സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കണം. വന്യമൃഗങ്ങള്‍ കര്‍ഷകന്‍റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും കര്‍ഷകനെ സംരക്ഷിക്കുന്ന നയങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ഇത് കര്‍ഷകര്‍ക്കിടയില്‍ വലിയ തരത്തില്‍ ആശങ്കയാണ് ഉണ്ടാക്കുന്നത് എന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ഏകീകൃത കുര്‍ബാന അര്‍പ്പണ രീതിയുമായി ബന്ധപ്പെട്ട എറണാകുളം - അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിനഡിന്‍റെ പ്രത്യേക സമ്മേളനം ചേരുന്നത്. സഭയുടെ സ്ഥിരം സിനഡ് അംഗങ്ങള്‍ വത്തിക്കാനിലെ പൗരസ്‌ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്‍റെ തലവന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലൗഡിയോ ഗുജറോത്തിയും സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ ഉണ്ടായ ധാരണകളുടെ വെളിച്ചത്തിലാണ് നിലവില്‍ സിനഡ് ചര്‍ച്ചകള്‍ മുന്നോട്ടുനീങ്ങുന്നത്. ജൂണ്‍ 16 വെള്ളി വൈകുന്നേരം ആറ് മണിയോടെയാണ് സമ്മേളനം സമാപിക്കുന്നത്.
അതേസമയം എറണാകുളം അതിരൂപതയിലെ വിശ്വാസികളെയും വൈദികരെയും കേൾക്കാതെയുള്ള ഒരു തീരുമാനവും അഗീകരിക്കില്ലന്നാണ് വിശ്വാസികളുടെ നിലപാട്. എറണാകുളം കത്തിഡ്രൽ ബസിലിക്ക ദേവാലയം ആരാധനക്കായി തുറന്ന് കിട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇടവക സമൂഹം സിറോമലബാർ സഭാ സ്പെഷ്യൽ സിനഡ് സമ്മേളനം നടക്കുന്ന ദിനങ്ങളില്‍ സായാഹ്ന ധർണയും പ്രാർഥനായോഗവും സംഘടിപ്പിക്കുന്നുണ്ട്. പൂട്ടിക്കിടക്കുന്ന ബസിലിക്കയുടെ മുന്നിലാണ് പ്രതിഷേധം.
അടിയന്തര സിനഡ് ആരംഭിച്ച സമയം മുതൽ ബസിലിക്ക ഇടവകയെ പ്രതിനിധികരിച്ച് പാരിഷ് കൗൺസിൽ അംഗങ്ങളായ ജോമോൻ ചത്തോത്തും, ടോമി പുതുശേരിയും ബസിലിക്കയുടെ മുന്നിൽ സത്യഗ്രഹം ആരംഭിച്ചു. ഈ സത്യഗ്രഹം സിനഡ് അവസാനിക്കുന്ന ദിവസം വരെ തുടരും. കഴിഞ്ഞ ആറ് മാസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ബസിലിക്ക ദേവാലയം നിലവിൽ ആചരിച്ചു പോന്നിരുന്നതുപോലെ തിരുക്കർമ്മങ്ങൾക്കും, ആരാധനയ്ക്കുമായി തുറന്ന് നൽകാൻ മെത്രാൻ സിനഡ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് സായാഹ്നധർണയും പ്രാർഥന യോഗവും സംഘടിപ്പിക്കുന്നത്.
Also Read :ബിജെപി അനുകൂല പ്രസ്‌താവന: ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയെ വിമര്‍ശിച്ച് സത്യദീപം വാരിക