കൊച്ചി: സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളിയായ വിഷ്ണു റോയിയെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ നേരത്തെ അറസ്റ്റിലായ ആദിത്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിഷ്ണു റോയിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിഷ്ണുവിനെ ആലുവ പൊലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്യുന്നു.
സിറോ മലബാര്‍ സഭ വ്യാജരേഖ കേസ്: ഒരാള്‍ കൂടി കസ്റ്റഡിയില്‍
ബംഗളൂരുവില്‍ വിഷ്വല്‍ ഡിസൈനറായ വിഷ്ണു റോയി കേസിലെ മൂന്നാം പ്രതി ആദിത്യന്‍റെ സുഹൃത്താണ്.
ബംഗളൂരുവില്‍ വിഷ്വല്‍ ഡിസൈനറായ വിഷ്ണു റോയി കേസിലെ മൂന്നാം പ്രതി ആദിത്യന്‍റെ സുഹൃത്താണ്. വ്യാജരേഖക്കേസിലെ ചില രേഖകള്‍ ഇയാളാണ് നൽകിയതെന്നാണ് ആദിത്യ അന്വേഷണ സംഘത്തിന് മുമ്പാകെ നല്‍കിയിരിക്കുന്ന മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവില്‍ എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. വ്യാജരേഖ കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.
ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ എത്തിച്ച വിഷ്ണുവിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ ആദിത്യയെ തുടര്‍ച്ചയായി പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട പല നിര്‍ണ്ണായക വിവരങ്ങളും ലഭിച്ചതായാണ് സൂചന. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ പോള്‍ തേലക്കാട്ട്, ടോണി കല്ലൂക്കാരന്‍ എന്നിവരെയും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യും. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വ്യാജരേഖ നിര്‍മിച്ച കേസില്‍ ഫാദര്‍ പോള്‍ തേലക്കാട്, ഫാദര്‍ ആന്‍റണി കല്ലൂക്കാരന്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇരുവര്‍ക്കും കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.