കൊച്ചി: സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എറണാകുളം-അങ്കമാലി അതിരൂപതയിലെ അൽമായർ. സഹായമെത്രാന്മാരെ പുറത്താക്കിയ നടപടി പിൻവലിച്ചില്ലെങ്കിൽ തെരുവിലിറങ്ങുമെന്ന് പ്രതിഷേധ സംഗമത്തിന് ശേഷം അൽമായർ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. വിവാദ ഭൂമി ഇടപാടിൽ ആരോപണ വിധേയനായ കർദിനാൾ ചുമതലകളിലേക്ക് മടങ്ങി വരേണ്ടത് അഗ്നിശുദ്ധി വരുത്തിയ ശേഷമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഭൂമി ഇടപാടിലെ നഷ്ടം നികത്താൻ നടപടി വേണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു.
സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാരെ പുറത്താക്കിയതിനെതിരെയും ആരോപണ വിധേയനായ കർദിനാൾ ആലഞ്ചേരി അതിരൂപതയുടെ ഭരണപരമായ ചുമതലകൾ ഏറ്റെടുത്തതിനെതിരെയുമാണ് വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പ്രതിഷേധ സംഗമത്തിൽ അതിരൂപതയിലെ 331 ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഭൂമി ഇടപാടിലെ സാമ്പത്തിക നഷ്ടം പരിഹരിക്കണമെന്നും കോടതി നടപടികൾ പൂർത്തിയാകും വരെ കർദിനാൾ ജോർജ് ആലഞ്ചേരി ചുമതലകളില്‍ നിന്ന് മാറി നിൽക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭൂമി ഇടപാട് അന്വേഷിച്ച കമ്മീഷന്‍റെ റിപ്പോർട്ട് പരസ്യപ്പെടുത്തണം, അതിരൂപതക്ക് അഡ്‌മിനിസ്ട്രേറ്റ് ആർച്ച് ബിഷപ്പിനെ നിയോഗിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിനഡിനെ സമീപിക്കും. സിനഡ് യോഗം ചേർന്ന് തീരുമാനമുണ്ടായില്ലെങ്കിൽ തെരുവിലിറങ്ങുമെന്നും അൽമായര്‍ പ്രതിനിധികൾ അറിയിച്ചു. വൈദികരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നതായും വിമതരായി ചിത്രീകരിക്കാൻ നീക്കമുള്ളതായും വിശ്വാസി കൂട്ടായ്മ ആരോപിച്ചു. ഇടവക പ്രതിനിധികളെ കൂടാതെ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും കെസിവൈഎം, സിഎൽസി ഉൾപ്പെടെയുള്ള സംഘടനാ നേതാക്കളും യോഗത്തിനെത്തി. കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ അൽമായരുടെ സംഗമത്തിന് അഭിവാദ്യമർപ്പിച്ച് പ്രകടനവും നടന്നു. സഭാ നേതൃത്വം നീതി നിഷേധിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ഇന്ന് അതിരൂപതയിലെ വിവിധ പള്ളികളിൽ പാരിഷ് കൗൺസിൽ ചേർന്ന് കർദിനാളിനെതിരെ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതോടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണപരമായ ചുമതലകളുമായി മുന്നോട്ട് പോകുന്നത് ആലഞ്ചേരിക്ക് ദുഷ്കരമാകും. അതേസമയം ഒത്തുതീർപ്പ് ചർച്ചകളും അണിയറയിൽ സജീവമാണ്. ഇതിന്‍റെ ഭാഗമായാണ് അതിരൂപത അരമനയിൽ നിന്ന് പുറത്താക്കിയ സഹായ മെത്രാന്മാർക്ക് താമസം തുടരാമെന്ന് കർദിനാൾ വ്യക്തമാക്കിയത്. കർദിനാൾ വിരുദ്ധ അൽമായരുടെ ശക്തി പ്രകടനം കൂടിയായിരുന്നു ഇന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ.