എറണാകുളം:പാലാ ബിഷപ്പിന്‍റെ നാർകോട്ടിക് ആരോപണത്തിനെതിരെ വിമർശനവുമായി ഫാദർ പോൾ തേലക്കാട്ട്. 'ഒരു മെത്രാന്‍റെ സമുദായ സ്‌നേഹം' എന്ന തലക്കെട്ടിൽ മംഗളം പത്രത്തിലെഴുതിയ ലേഖനത്തിലാണ് സീറോ മലബാർ സഭയുടെ മുൻ വക്താവ് കൂടിയായ പോൾ തേലക്കാട്ടിന്‍റെ വിമർശനം .
പാലാ ബിഷപ്പിന്‍റെ പ്രസ്താവന ഉറപ്പില്ലാത്തത്
ഒരു ചെറിയ വിഭാഗം ഇസ്‌ലാമിക തീവ്രവാദികള്‍ ആയുധത്തിന്‍റെ ജിഹാദ് മാര്‍ഗം ഉപേക്ഷിച്ച് ലൗ ജിഹാദിന്‍റെയും നാര്‍കോട്ടിക് ജിഹാദിന്‍റെയും യുദ്ധതന്ത്രം കേരളത്തില്‍ നടത്തുന്നു എന്ന് പാലാ ബിഷപ്പ് പള്ളി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ജിഹാദിന്‍റെ രണ്ട് യുദ്ധമുഖങ്ങളെ കുറിച്ചാണ് അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനം.
എന്നാല്‍ പറഞ്ഞത് ചരിത്രമാണോ സങ്കല്‍പമാണോ എന്ന് ബിഷപ്പിന് ഉറപ്പില്ലെന്നും പോൾ തേലക്കാട്ട് ചൂണ്ടിക്കാട്ടി. ഉറങ്ങുന്ന തീവ്രവാദ സെല്ലുകളെക്കുറിച്ച് പൊലീസ് മേധാവി പറഞ്ഞപ്പോള്‍ ഒരു മതത്തെയും കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. സൗഹാര്‍ദ്ദത്തിന്‍റെ സംഭാഷണത്തില്‍ നിന്നും തെന്നിമാറി വൈരുദ്ധ്യാത്മക തര്‍ക്കയുദ്ധത്തിനാണ് പാലാ ബിഷപ്പ് തയ്യാറായതെന്നും അദ്ദേഹം വിമര്‍ശിച്ചു.