എറണാകുളം:കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎക്കെതിരെയും, മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെയും ആരോപണവുമായി വീണ്ടും സ്വപ്‌ന സുരേഷ്. കെ.ടി ജലീലിന് താൻ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. അത്തരത്തിലുള്ള അദ്ദേഹത്തിന്‍റെ പ്രസ്‌താവന ശരിയല്ലെന്നും സ്വപ്‌ന പറഞ്ഞു.
സ്വപ്‌ന സുരേഷ് പ്രതികരിക്കുന്നു സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരെ കേന്ദ്ര ഏജൻസികൾക്ക് താൻ മൊഴി നൽകിയിട്ടുണ്ട്. ഡോക്‌ടറേറ്റ് എടുത്ത ജലീലിന് എത്രത്തോളം ഇംഗ്ലീഷ് അറിയാമെന്ന് ഇപ്പോഴാണ് മനസിലായത്. മന്ത്രിയെ പഠിപ്പിക്കേണ്ട ചുമതല തനിക്കാണെന്ന് അറിഞ്ഞിരുന്നില്ല.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രോട്ടോകോൾ ലംഘനം നടത്തിയിട്ടുണ്ട്. ഇതിന്‍റെ തെളിവുകൾ ശേഖരിക്കുകയാണ്, പല തെളിവുകളും എൻഐഎ നശിപ്പിച്ചുവെന്നും സ്വപ്‌ന ആരോപിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ കെ.ടി ജലീൽ ദുബായ് കോൺസുലേറ്റുമായി കത്തിടപാടുകൾ നടത്തിയിട്ടുണ്ട്. അതിന്‍റെ തെളിവുകൾ പുറത്തുവിടും.
ശിവശങ്കറും മുഖ്യമന്ത്രിയും ചേർന്നാണ് തനിക് സ്പേസ് പാർക്കിൽ ജോലി നൽകിയത്. കെ.ടി ജലീൽ തന്നോട് ചാറ്റ് ചെയ്‌തത് സ്പേസ് പാർക്കിലെ ജീവനക്കാരിയായിരിക്കെയാണെന്നും സ്വപ്‌ന അവകാശപ്പെട്ടു. ദുബായിലെ ഷെയ്ഖുമാരുമായി ബന്ധം സ്ഥാപിക്കാന്‍ കെ.ടി ജലീൽ താനുമായുള്ള വ്യക്തിപരമായ ബന്ധം മുതലാക്കുകയായിരുന്നു. കെ.ടി ജലീൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരുമെന്നും സ്വപ്‌ന പറഞ്ഞു.