എറണാകുളം : കോഴിക്കോട് മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപി മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു (Inappropriate behavior towards Journalist: Suresh Gopi moves HC for Anticipatory Bail). ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ നിലപാട് തേടി. ജാമ്യമില്ല വകുപ്പ് കൂടി കേസിൽ ചുമത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധ ജാഥയടക്കം സംഘടിപ്പിച്ചതിന്‍റെ പ്രതികാര നടപടിയായിട്ടാണ് കേസെടുത്തതെന്നാണ് ഹർജിയിലെ വാദം. കൂടാതെ, തനിക്കെതിരെ രാഷ്ട്രീയാന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യവും കേസിന് പിന്നിലുണ്ടെന്നും ഹർജിയിൽ സുരേഷ് ഗോപി പറയുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ജാമ്യം കിട്ടാവുന്ന 354 (1) എ 4 വകുപ്പുകളാണ് ചുമത്തിയിരുന്നത്.
പിന്നീട് ദിവസങ്ങൾക്ക് മുൻപ് ജാമ്യം ലഭിക്കാത്ത 354 വകുപ്പ് ചുമത്തിയതായാണ് വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിട്ടയയ്ക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 28നാണ് മാധ്യമ പ്രവർത്തക നടക്കാവ് പൊലീസിൽ സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു.
മാധ്യമപ്രവര്‍ത്തകയോട് താന്‍ വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ, മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നു എന്ന് സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു. കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത്.