തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവര്‍ക്ക് കണ്ണീരോടെ വിടനല്‍കി വിദ്യാര്‍ഥികള്‍ എറണാകുളം :കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച കുസാറ്റിലെ വിദ്യാർഥികൾക്ക് അന്തിമോപചാരം അർപ്പിച്ച് വിദ്യാർഥികളും അധ്യാപകരും. നൂറ് കണക്കിന് വിദ്യാർഥികളാണ് ചേതനയറ്റ സഹപാഠികൾക്ക് വൈകാരികമായി യാത്രാമൊഴിയേകിയത്. കുസാറ്റിലെ രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥികളായ അതുൽ തമ്പി, ആന്‍ റുഫ്‌ത, സാറ തോമസ് എന്നിവരുടെ മൃതദേഹങ്ങൾ എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെന്‍റിലാണ് പൊതുദർശനത്തിനുവച്ചത്.
എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി സാറ തോമസിന്‍റെ മൃത ദേഹമാണ് ഒമ്പതുമണിക്ക് ശേഷം ആദ്യം കാമ്പസിലെത്തിച്ചത്. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്നും അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളും കോളജിലെത്തിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച ആൽവിന്‍റെ മൃതദേഹം സ്വദേശമായ പാലക്കാടേക്ക് കൊണ്ടുപോയി.
പതിനൊന്ന് മണിയോടെ പൊതുദർശനം പൂർത്തിയാക്കി കുസാറ്റിലെ വിദ്യാർഥികളുടെ മൃതദേഹം വീടുകളിലേക്ക് കൊണ്ടുപോകും. അതേസമയം സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർക്കും, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും നിർദേശം നൽകിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. വൈസ് ചാൻസലർ പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്.
പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടികളുടെ ചികിത്സ ചെലവ് യൂണിവേഴ്‌സിറ്റി വഹിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കും. അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുസാറ്റ് ടെക്‌ഫെസ്റ്റിലെ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് ശനിയാഴ്ച രാത്രി ഏഴര മണിയോടെയാണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചത്. നാല്‍പ്പതിലധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.
കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റുഫ്‌ത, താമരശ്ശേരി സ്വദേശി സാറ തോമസ്, സുഹൃത്തിനൊപ്പം കുസാറ്റ് മേള കാണാനെത്തിയെ പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. ടെക് ഫെസ്റ്റിന്‍റെ ഭാഗമായി പ്രശസ്‌ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളക്കിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവർ കളമശ്ശേരി മെഡിക്കല്‍ കോളജ്, ആസ്റ്റർ മെഡിസിറ്റി, കിന്‍റര്‍ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിത്സയിൽ തുടരുന്നത്.
ഓഡിറ്റോറിയത്തിൽ വിദ്യാർഥികളുടെ തിരക്ക് കൂടിയതിനാൽ പ്രവേശന വാതിൽ അടച്ചിട്ടിരിക്കുകയായിരുന്നു. നിരവധി പേർ പുറത്ത് തടിച്ചുകൂടി നിൽക്കുകയുമായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി മഴ പെയ്‌തതോടെ പുറത്തുനിന്നും നിരവധി പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറി. ഇതോടെ തിക്കും തിരക്കും വര്‍ധിച്ച് അപകടമുണ്ടാവുകയായിരുന്നു. മുൻഭാഗത്ത് ഇരിക്കുകയായിരുന്നവരുടെ മുകളിലേക്ക് പിൻഭാഗത്ത് നിന്നും ആളുകൾ വീണതാണ് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയത്.