എറണാകുളം: വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുമായി അബുദാബിയില്‍ നിന്ന് പുറപ്പെട്ട ആദ്യവിമാനം കൊച്ചിയിലെത്തി. രാത്രി 10.08 നാണ് കൊച്ചി വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം എത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഉൾപ്പടെ 181 യാത്രക്കാരാണ് ആദ്യവിമാനത്തിലുള്ളത്. മുപ്പത് പേരുള്ള ഒരോ ബാച്ചുകളായാണ് വൈദ്യ പരിശോധന നടന്നത്. വിമാനമിറങ്ങിയ യാത്രക്കാരുടെ കൈകൾ സാനിറ്റൈസറുകൾ ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷമാണ് ടെർമിനലിലേക്ക് പ്രവേശിപ്പിച്ചത്. ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിച്ചു.
അബുദാബിയിൽ നിന്ന് പ്രവാസികളുമായി എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തി - ernakulam
നാല് കുട്ടികളും 49 ഗർഭിണികളും ഉൾപ്പടെ 181 യാത്രക്കാരാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയില്‍ എത്തിയത്.
രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേയ്ക്ക് മാറ്റി. അവിടെ നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനാണ് തീരുമാനം. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും. എറണാകുളം ജില്ലയിൽ നിന്നുള്ളവരെ രാജഗിരി ആശുപത്രിയിലേക്കാണ് മാറ്റുന്നത്. മറ്റു ജില്ലയിൽ നിന്നുള്ളവരെ കെഎസ്ആർടിസി ബസുകൾ വഴി അതത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഗർഭിണികളെയും കുട്ടികളെയും ഗാർഹിക നിരീക്ഷണത്തിലാണ് ഉൾപ്പെടുത്തുക. യാത്രക്കാരെ എത്തിക്കുന്നതിനുള്ള കെഎസ്ആർടിസി ബസുകളും ടാക്സികളും എയർപോർട്ടിൽ എത്തിച്ചേർന്നിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഡ്രൈവർമാർക്ക് പ്രത്യേക പരീശീലനവും എയർപോർട്ടിൽ നൽകിയിരുന്നു.