കേരളം

kerala

ETV Bharat / state

ബ്രഹ്മപുരത്തെ ബയോമൈനിങ് : സോൺട ഇൻഫ്രാടെക്ക് നിയമ വിരുദ്ധമായി ഉപകരാർ നൽകിയതിന്‍റെ രേഖകൾ പുറത്ത് - ടോണി ചെമ്മണി

സോൺട ഇൻഫ്രാടെക്ക് മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകിയത് ബ്രഹ്മപുരത്തെ ബയോമൈനിങ് അഴിമതികളെ വെളിച്ചത്തുകൊണ്ടുവരികയാണെന്ന് കൊച്ചി മുൻ മേയർ ടോണി ചെമ്മണി

ബ്രഹ്മപുരത്തെ ബയോമൈനിങ്ങ്  സോൺട ഇൻഫ്രാടെക്ക്  സോൺട  എറണാകുളം വാർത്തകൾ  മലയാളം വാർത്തകൾ  ബ്രഹ്മപുരം  സോൺടയും കോർപ്പറേഷനും തമ്മിലുളള കരാർ  ആരഷ് മീനാക്ഷി എൻവയറോകെയർ  ടോണി ചെമ്മണി  സി പി എം
ബയോമൈനിങ്ങിന് ഉപകരാർ നൽകി

By

Published : Mar 22, 2023, 6:10 PM IST

ടോണി ചെമ്മണി മാധ്യമങ്ങളോട്

എറണാകുളം :ബ്രഹ്മപുരത്തെ ബയോമൈനിങ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ സോൺട ഇൻഫ്രാടെക്ക് നിയമ വിരുദ്ധമായി ഉപകരാർ നൽകിയതിന്‍റെ രേഖകൾ പുറത്ത്. ആരഷ് മീനാക്ഷി എൻവയറോകെയർ എന്ന സ്ഥാപനത്തിനാണ് സോൺട ഇൻഫ്രാടെക്ക് 2021 നവംബറിൽ ഉപകരാർ നൽകിയത്. കരാർ നൽകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാത്രം റജിസ്റ്റർ ചെയ്‌ത കമ്പനിയാണിത്.

സോൺടയും കോർപറേഷനും തമ്മിലുളള കരാർ വ്യവസ്ഥകളിൽ ഒന്ന് ഉപകരാർ നൽകാൻ പാടില്ല എന്നതായിരുന്നു. കോർപറേഷന്‍റെ അനുമതിയില്ലാതെയാണ് സോൺട ഉപകരാർ നൽകിയതെന്നാണ് വ്യക്തമാകുന്നത്. 54 കോടിയുടെ കരാറിൽ 22 കോടിയോളം രൂപയ്ക്കാ‌ണ് ഉപകരാർ നൽകിയത്.

സോൺടയ്‌ക്ക് തന്നെ ബയോമൈനിങ്ങില്‍ മുൻപരിചയമില്ലെന്ന് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അതേസമയം പ്രവർത്തനപരിചയമില്ലാത്ത കമ്പനിക്ക് നിയമ വിരുദ്ധമായി കരാർ നൽകിയത് ഏറെ ഗൗരവമേറിയ വിഷയമാണ്. ബ്രഹ്മപുരത്തെ ബയോ മൈനിങ്ങുമായി ബന്ധപ്പെട്ട അഴിമതി ഓരോ ദിവസവും പുറത്തുവരികയാണെന്ന് മുൻ മേയർ ടോണി ചെമ്മണി പറഞ്ഞു.

ഉപകരാർ ഗൂഢാലോചനയുടെ ഫലം : ഉപകരാർ ഉണ്ടെന്ന തന്‍റെ ആരോപണം ശരിവയ്ക്കു‌ന്നതാണ് പുറത്തുവന്ന രേഖകൾ. ഈ ഉപകരാറിന് പിന്നിൽ കൊച്ചി മേയറും സി പി എം നേതാക്കളുമാണ്. സോൺടയുടെ ഉടമയുമായി ഇവർ നിരവധി തവണ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഉപകരാറെന്നും അദ്ദേഹം ആരോപിച്ചു. മേയറുടെ ഓഫിസിലും, സി പി എം ജില്ല കമ്മിറ്റി ഓഫിസിലും ചില ഹോട്ടലുകളിലുമാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്.

ഉപകരാർ നൽകിയതിന്‍റെ രേഖകൾ

ഇത് കരാർ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ്. മുപ്പത്തിയഞ്ചാമത്തെ കരാർ വ്യവസ്ഥയിൽ ഇത് വ്യക്തമാക്കുന്നുണ്ട്. ഉപകരാർ ഏറ്റെടുത്തവർക്ക് മാലിന്യ സംസ്‌ക്കരണവുമായി യാതൊരു ബന്ധവുമില്ലെന്നത് അതിനേക്കാൾ ഗുരുതരമായ വിഷയമാണ്. കരാർ ഏറ്റെടുത്ത വ്യക്തി സി പി എം നേതാക്കളുടെ ബിനാമിയാണെന്നും ടോണി ചെമ്മണി ആരോപിച്ചു. ഇത് പുറത്ത് വരണമെങ്കിൽ ഉപകരാർ എടുത്ത വെങ്കിട്ട് എന്ന വ്യക്തിയെ ചോദ്യം ചെയ്യണം.

പൊലീസ് അന്വേഷണത്തിൽ തൃപ്‌തിയില്ല : തീപിടിത്തവുമായി ബന്ധപ്പെട്ട് നടക്കുന്ന പൊലീസ് അന്വേഷണത്തിൽ തൃപ്‌തിയില്ല. ഉന്നതരായ സി പി എം നേതാക്കൾക്ക് ബന്ധമുള്ള കേസിൽ കേരള പൊലീസ് അന്വേഷണം നടത്തിയാൽ സത്യം പുറത്ത് വരില്ല. ബയോ മെനിങ് കരാറിനെ കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്നും ടോണി ചെമ്മണി ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കും. സോൺട കേരളത്തിൽ മൂന്നിലധികം മുൻസിപാലിറ്റികളിൽ ബയോമൈനിങ് കരാറുകൾ ഏറ്റെടുത്തിട്ടുണ്ട്. അവിടെയെല്ലാം ക്രമ വിരുദ്ധമായാണ് കാര്യങ്ങൾ നടത്തിയത്. കൊല്ലം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ വേസ്റ്റ് എനർജി പ്ലാന്‍റ് നടത്താനുള്ള കരാറും സോൺട കമ്പനിക്കാണ് ലഭിച്ചത്. ഇവരുടെ രാഷ്‌ട്രീയ ബന്ധം വെച്ചാണ് കരാറുകളെല്ലാം ലഭിച്ചത്.

ഉപകരാർ നൽകിയതിന്‍റെ രേഖകൾ

മുഖ്യമന്ത്രിയുടെ നിലപാട് : ജർമൻ കമ്പനിയുമായി സഹകരിച്ചാണ് അവർ ടെൻഡറില്‍ പങ്കെടുത്തത്. എന്നാൽ പാട്രിക്ക് ബോയറെന്ന ജർമൻ കമ്പനിയുമായുള്ള ബന്ധം സോൺട അവസാനിപ്പിച്ച സാഹചര്യത്തിൽ ഇവരുമായുള്ള കോർപറേഷൻ കരാർ അസാധുവായിരിക്കുകയാണ്. എന്നാൽ കരാറുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ബ്രഹ്മപുരത്ത് കരാർ കാലാവധി കഴിഞ്ഞിട്ടും നീട്ടിക്കൊടുത്തത് നിയമവിരുദ്ധമാണ്. കരാർ കാലാവധി കഴിഞ്ഞ കമ്പനിയെ ഒഴിവാക്കുകയാണ് വേണ്ടത്. സി പി എം നേതാക്കളുടെ കവചമാണ് സോൺടയ്‌ക്ക് ഉള്ളത്. വലിയ രാഷ്‌ട്രീയ ഗൂഢാലോചന നടന്ന ഈ സംഭവത്തിൽ കേരള പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്നും ടോണി ചെമ്മണി പറഞ്ഞു.

ABOUT THE AUTHOR

...view details