എറണാകുളം: കത്തുന്ന വെയിലില്‍ ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അവസ്ഥയെ കുറിച്ച് ഒരു തവണയെങ്കിലും നാം വേദനയോടെ ചിന്തിച്ചിട്ടുണ്ടാകും. എന്നാല്‍ ഇനി മുതല്‍ ട്രാഫിക് പൊലീസുകാർ വെയിലേറ്റ് വാടണ്ട. കൊച്ചി ട്രാഫിക് പൊലീസാണ് ഉദ്യോഗസ്ഥർക്ക് ആശ്വാസമായി പുതിയ കുട പുറത്തിറക്കിയത്.
ഇത് വെറും കുടയല്ല. ഇതില്‍ കാറ്റുകൊള്ളാൻ ഫാൻ, കുടിക്കാൻ വെള്ളം എന്നിവയെല്ലാം സജ്ജമാണ്. കുടയുടെ മുകൾഭാഗത്ത് സോളാർ പാനലുകൾ ഘടിപ്പിച്ച് അതിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഫാൻ, കുടയുടെ പ്രത്യേകതയാണ്.
വെയിലേറ്റ് വാടണ്ട, കാറ്റുകൊള്ളാം വെള്ളം കുടിക്കാം, ട്രാഫിക് പൊലീസിന്‍റെ സോളാർ കുട: കൊച്ചിയില്‍ ആദ്യം കുടയില്‍ കയറി നിൽക്കാനുള്ള സ്റ്റാന്‍റിനുള്ളിലാണ് ബാറ്ററി സ്ഥാപിച്ചത്. എളുപ്പം അഴിച്ചെടുക്കാനും മാറ്റി സ്ഥാപിക്കാനും കഴിയുന്ന കുടയില്‍ കുടിവെള്ളം സൂക്ഷിക്കാനും സൗകര്യമുണ്ട്. കൊച്ചി ഇന്നർവീൽ ക്ലബിന്‍റെയും ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും സഹകരണത്തോടെയാണ് പദ്ധതി.
കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. കൊച്ചിയില്‍ ആദ്യം അഞ്ച് സ്ഥലങ്ങളില്‍ കുടകൾ സ്ഥാപിച്ചു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഉടൻ പുതിയ കുടകൾ വരും. ഇതോടൊപ്പം കുടകളിൽ ലൈറ്റ് സ്ഥാപിക്കുന്നതും ഇരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്.
വേനൽ കൂടുതൽ ശക്തമാകുമ്പോഴും വെയിൽ കൊള്ളാതെ കാറ്റ് കൊണ്ട് ഗതാഗതം നിയന്ത്രിക്കാൻ കഴിയുമെന്ന ആശ്വാസത്തിലാണ് ട്രാഫിക് പൊലീസുകാർ.