എറണാകുളം:ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ വിശദവാദം ആവശ്യമാണെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇ ഡി) ഹൈക്കോടതിയിൽ. അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുമെന്നും ഇ ഡി അറിയിച്ചു. തുടർന്ന് ഹർജി ഹൈക്കോടതി 23 ലേക്ക് മാറ്റി. തനിക്കു വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ഹാജരാകുമെന്ന് ശിവശങ്കറും അറിയിച്ചിട്ടുണ്ട്. നേരത്തെ ശിവശങ്കറിന്‍റെ ജാമ്യഹർജി കീഴ്‌ക്കോടതി തള്ളിയിരുന്നു. തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
പല രോഗങ്ങൾക്ക് ചികിത്സയിലുള്ള ആളാണ് താന്‍. തന്‍റെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് സമാനമായ കേസിൽ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇ ഡി അധികാര ദുർവിനിയോഗം നടത്തിയാണ് കേസിൽ തന്നെ പ്രതി ചേർത്തിട്ടുള്ളത്. മാത്രവുമല്ലാ തന്നെ നേരിട്ട് കേസുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും ഇല്ല. തന്നെ ഇ ഡി വേട്ടയാടുകയാണെന്നുമാണ് ജാമ്യാപേക്ഷയിൽ ശിവശങ്കർ പറയുന്നത്.
Also Read:ബ്രഹ്മപുരം തീപിടിത്തം; 'ആദ്യ സംഭവമല്ല, തീയില്ലാതെ പുകയുണ്ടാക്കാന്‍ മാധ്യമങ്ങള്‍ വിദഗ്‌ധരാണ്': എം ബി രാജേഷ്
ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കറിന്‍റെ ആവശ്യം. ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം എം ശിവശങ്കറിനെ ഇ ഡി അറസ്‌റ്റ് ചെയ്‌തത്. ഒമ്പത് ദിവസത്തെ ഇ ഡിയുടെ കസ്റ്റഡി കാലാവധിക്ക് ശേഷം കാക്കനാട് ജില്ല ജയിലിൽ റിമാന്‍ഡിൽ തുടരുകയാണ് ശിവശങ്കർ. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കളമശേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. വിജേഷ് പിള്ളയ്‌ക്കെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്‌ന സുരേഷ്. കർണാടക പൊലീസ് തന്‍റെ മൊഴി രേഖപ്പെടുത്തിയെന്നും സ്വപ്‌ന തന്‍റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ബെംഗളൂരു കെ ആർ പുര പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നും വിജേഷ് താമസിച്ച ഹോട്ടലിൽ കൊണ്ടുപോയി പൊലിസ് തെളിവെടുപ്പ് നടത്തിയെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
അതേസമയം ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സി എം രവീന്ദ്രന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി ഔദ്യോഗിക വിശദീകരണം. ഒമ്പത് മണിക്കൂറോളം നീണ്ടു നിന്ന രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ ചോദ്യങ്ങളോട് സഹകരിക്കുന്ന നിലപാടാണ് രവീന്ദ്രന്‍ സ്വീകരിച്ചതെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ബുധനാഴ്‌ച രാവിലെ എട്ട് മണിയോടെ രവീന്ദ്രന്‍ കൊച്ചിയിലെ ഇഡി ഓഫിസിലെത്തുകയും ചോദ്യം ചെയ്യല്‍ രാത്രി എട്ട് മണി വരെ നീളുകയും ചെയ്യുകയായിരുന്നു. ലൈഫ് മിഷന്‍ ഇടപാടില്‍ ഏതെങ്കിലും വിധത്തില്‍ അഡീഷണല്‍ സെക്രട്ടറി സി എം രവീന്ദ്രൻ ഇടപെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ചാണ് ആദ്യ ദിവസം ചോദ്യം ചെയ്‌തതെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ തനിക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു രവീന്ദ്രന്‍റെ മൊഴി.
Also Read:ട്രൈബൽ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികളെ മർദിച്ച സംഭവം : നടപടിയാവശ്യപ്പെട്ട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിക്ക് കത്തെഴുതി വി.ഡി സതീശന്‍