എറണാകുളം:നടൻ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് സംവിധായകൻ സിബി മലയിൽ. അത്തരമൊരു സിനിമയുമായി ബന്ധപ്പെട്ട കഥയുടെ പ്രാഥമികമായ ആലോചനകൾ നടക്കുകയാണ്. ഒരു കഥാപാത്രം രൂപപ്പെട്ടിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.
അടുത്ത കാലത്തായി മമ്മൂട്ടി ചെയ്‌ത കഥാപാത്രങ്ങളെല്ലാം വളരെ വ്യത്യസ്‌തമായവയാണ്. കഥാപാത്രങ്ങൾക്കായി തന്നെ തേച്ചുമിനുക്കുകയാണന്ന് മമ്മൂട്ടി തന്നെ പറയുകയുണ്ടായി. അത്തരത്തിൽ തേച്ചുമിനുക്കേണ്ട ആളല്ല മമ്മൂട്ടിയെന്നും 40 വർഷം കൊണ്ട് സിനിമാമേഖലയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണെന്നും സിബി മലയിൽ അഭിപ്രായപ്പെട്ടു.
ഇനിയും തിളങ്ങി നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു നടൻ ശൈശവാവസ്ഥയിൽ അദ്ദേഹത്തിന്‍റെ ഉള്ളിൽ ഉണ്ടെന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. അത്തരമൊരു ആളോടൊപ്പം സിനിമ ചെയ്യുന്നത് വലിയൊരു ഊർജമാണ്. മമ്മൂട്ടിക്ക് ചാലഞ്ചിങ്ങായ ഒരു കഥാപാത്രം നൽകുകയെന്നതാണ് ഉദ്ദേശിക്കുന്നത്.