കൊച്ചി: യുവ താരം ഷെയ്ൻ നിഗമിന് മലയാള സിനിമയില്‍ വിലക്ക്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗമാണ് ഷെയ്‌ൻ നിഗത്തിനെ വിലക്കാൻ തീരുമാനിച്ചത്. ഷെയ്‌ൻ നായകനായ വെയില്‍, ഖുർബാനി സിനിമകൾ ഉപേക്ഷിക്കാനും കൊച്ചിയില്‍ ചേർന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇരു ചിത്രങ്ങൾക്കും ഇതുവരെ ചെലവായ തുക ഷെയ്ൻ തിരികെ നല്‍കണം. പണം നല്‍കാതെ മലയാള സിനിമകളില്‍ ഷെയ്നിനെ അഭിനയിപ്പിക്കേണ്ടെന്ന് തീരുമാനം. രണ്ട് സിനിമകൾക്കുമായി ചെലവായത് ഏഴ് കോടി രൂപയെന്നും നിർമ്മാതാക്കൾ. വിലക്കിന്‍റെ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ട്.
ഷെയ്‌ൻ നിഗത്തിന് തിരിച്ചടി; മലയാള സിനിമയില്‍ നിന്ന് വിലക്ക് മലയാള സിനിമയില്‍ ഇതുവരെ ഉണ്ടാകാത്ത മോശം അനുഭവമെന്നും യോഗ ശേഷം നടത്തിയ വാർത്ത സമ്മേളനത്തില്‍ പ്രൊഡ്യൂസേഴ്സ് സംഘടന അറിയിച്ചു. മലയാള സിനിമാ ലൊക്കേഷനുകളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണ്. പുതു തലമുറ നടൻമാരിൽ ചിലരാണ് ഇതിന് പിന്നിൽ. സിനിമാ ലൊക്കേഷനുകളിൽ പരിശോധന നടത്തണം. നിരന്തരമായി അച്ചടക്ക ലംഘനം നടത്തുകയും ഏറ്റവും അവസാനമായി മൂന്ന് സിനിമകൾ പൂർത്തിയാക്കാൻ കഴിയാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് ഷെയിൻ നിഗമിന്‍റെ സിനിമകളുമായി സഹകരിക്കില്ലന്ന തീരുമാനമെടുത്തത്. ഷെയിനെതിരെ നിയമ നടപടി സ്വീകരിക്കും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ സിനിമാ നിർമ്മാതാക്കളുടെ സംഘടനയുമായി സഹകരിച്ചാണ് കേരളത്തിലെ സംഘടന പ്രവർത്തിക്കുന്നത്. ഷെയിൻ നിഗത്തിനെതിരായ തീരുമാനം അവരുമായും ചർച്ച ചെയ്യും. അദ്ദേഹം കാരണം മുടങ്ങി കിടക്കുന്ന ഉല്ലാസം സിനിമയുമായി സഹകരിച്ചാൽ മാത്രമേ ഇനി ചർച്ച നടത്തുകയുള്ളൂ. സ്വബോധമില്ലാതെ പെരുമാറുന്ന നിരവധി പുതുതലമുറ താരങ്ങളുണ്ട്. സിനിമാ ലൊക്കേഷനുകളിലെ എല്ലാ കാരവാനുകളും പരിശോധിക്കണമെന്നാണ് നിർമ്മാതാക്കളുടെ അഭിപ്രായം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരെടുത്ത് പറയുന്നില്ലന്നും അന്വേഷണം നടക്കട്ടെയെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി കെഎഫ്‌പിഎ ഭാരവാഹികൾ പ്രതികരിച്ചു. തങ്ങളുടെ തീരുമാനങ്ങൾ താരസംഘടന അമ്മയെ അറിയിച്ചുവെന്നും നിർമ്മാതാക്കൾ പറഞ്ഞു. കെഎഫ്‌പിഎ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് ഭാരവാഹികൾ കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയത്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് രഞ്‌ജിത്, സെക്രട്ടറി ആന്‍റോ ജോസഫ്, ട്രഷറർ ബി.രാഗേഷ്, സിയാദ് കോക്കർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.