എറണാകുളം: മുഖ്യമന്ത്രിക്ക് വേണ്ടി ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌ന സുരേഷിന്‍റെ ആരോപണം കളവെന്ന് ഷാജ് കിരൺ. സ്വപ്‌ന കഴിഞ്ഞ രണ്ട് മാസമായി തന്‍റെ സുഹൃത്താണെന്നും തനിക്ക് മുഖ്യമന്ത്രിയുമായി ഒരു ബന്ധവുമില്ലെന്നും ഷാജ് കിരൺ വ്യക്തമാക്കി.
സ്വപ്‌നയുമായി രണ്ട് മാസത്തെ പരിചയം, മുഖ്യമന്ത്രിയെ അറിയില്ല; സംഭാഷണം പുറത്തുവിടട്ടെയെന്ന് ഷാജ് കിരൺ 2013ൽ വാര്‍ത്താസമ്മേളനത്തിൽ വച്ചാണ് അവസാനമായി മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുമായി പരിചയമില്ലാത്ത താൻ മുഖ്യമന്ത്രിക്ക് വേണ്ടി എന്തിന് ഇടപെടണമെന്നും ഷാജ് കിരൺ ചോദിച്ചു.
ശിവശങ്കറിനെ ടിവിയിൽ മാത്രമാണ് കണ്ടിട്ടുള്ളത്. ഈ പറഞ്ഞ ദിവസങ്ങളിൽ സിപിഎം നേതാക്കളോ ശിവശങ്കറോ കോൺഗ്രസ് നേതാക്കളോ തന്നെ വിളിച്ചിട്ടുണ്ടെങ്കിൽ ആരോപണങ്ങൾ എല്ലാം സമ്മതിക്കാം. സ്വപ്‌നയുടെ പക്കൽ ശബ്‌ദരേഖ ഉണ്ടെങ്കിൽ അത് പുറത്തുവിടട്ടെയെന്നും ഷാജ് കിരൺ പറഞ്ഞു.
സ്വപ്‌ന എല്ലാ ദിവസവും വിളിക്കാറുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളാണ് സംസാരിക്കാറുള്ളതെന്നും ഷാജ് കിരൺ പറഞ്ഞു. സരിത്തതിനെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് സ്വപ്‌നയെ കാണാൻ അവരുടെ ഓഫിസിൽ പോയത്. നിയമപരമായി എന്ത് സഹായവും ചെയ്യാം എന്നും അതല്ലാതെ ഒന്നും ചെയ്യാൻ നിർവാഹമില്ല എന്നും സ്വപ്‌നയോട് പറഞ്ഞുവെന്നും ഷാജ് കിരൺ മാധ്യമങ്ങളോട് പറഞ്ഞു.
വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരെങ്കിലും പിന്നിലുണ്ടോ എന്ന് സ്വപ്‌നയോട് ചോദിച്ചിരുന്നു. പിന്നിൽ ആരുമില്ല എന്നും സ്വന്തം നിലയ്ക്ക് പറയുന്നതാണ് എന്നുമായിരുന്നു സ്വപ്‌നയുടെ മറുപടി. നല്ല ഉറപ്പുണ്ടെങ്കിലേ പറയാവൂ എന്നും എന്തെങ്കിലും പറയുമ്പോൾ സ്വന്തം സുരക്ഷിതത്വം കൂടി നോക്കണമെന്നും ഉപദേശിക്കുകയായിരുന്നുവെന്നും ഷാജ് കിരൺ പറയുന്നു.
മൊഴി കൊടുക്കുന്നതിന് മുന്‍പും ശേഷവും തന്നെ സ്വപ്‌ന വിളിച്ചിരുന്നു. അപ്പോഴൊന്നും മൊഴി കൊടുക്കുന്നതിനെ താന്‍ എതിര്‍ത്തിട്ടില്ല. സ്വപ്‌നയുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും ഷാജ് കിരണ്‍ ആരോപിച്ചു.
മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്ന പേരിലൊരാൾ തന്നെ വന്ന് കണ്ടുവെന്നും പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കിൽ കാലങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു.