എറണാകുളം:മഹാരാജാസ് കോളജിലെ വിദ്യാർഥിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി തെറ്റായി ഫലം പ്രസിദ്ധീകരിച്ച സംഭവത്തിൽ നേരത്തെ പറഞ്ഞത് തിരുത്തി പ്രിൻസിപ്പാള്‍. ആർക്കിയോളജി നാലാം സെമസ്‌റ്ററിലാണ് ആർഷോ പുന:പ്രവേശനം നേടിയതെന്ന് ഡോ.വി.എസ് ജോയി പറഞ്ഞു. അതേസമയം മൂന്നാം സെമസ്‌റ്ററിലാണ് ആര്‍ഷോ പുന:പ്രവേശനം നേടിയതെന്നായിരുന്നു അദ്ദേഹം രാവിലെ പറഞ്ഞിരുന്നത്.
മൂന്നാം സെമസ്‌റ്ററിന് ആർഷോ ഫീസടച്ചില്ല. അക്കൗണ്ട്സ് പരിശോധിക്കുമ്പോഴും ആർഷോ ഫീസടച്ചിട്ടില്ലെന്ന് വ്യക്തമായി. 2023 മാർച്ചിൽ വന്ന പട്ടികയിൽ ആർഷോയുടെ ഫലം വരേണ്ടതല്ലായിരുന്നു. സോഫ്റ്റ്‌വെയർ പ്രശ്‌നം കൊണ്ടാണ് ജൂനിയർ ബാച്ചിൻ്റെ കൂടെ ഫലം വന്നതെന്നും പ്രിൻസിപ്പാള്‍ വി.എസ് ജോയി പറഞ്ഞു. എന്നാല്‍ ആർഷോയുടെ വാദങ്ങൾ തള്ളിയായിരുന്നു ബുധനാഴ്‌ച രാവിലെ പ്രിൻസിപ്പാള്‍ മാധ്യമങ്ങളോട് സംസാരിച്ചത്. തുടർന്നാണ് ആർഷോ കുറ്റക്കാരനല്ലെന്നും എൻ.ഐ.സി വെബ്സൈറ്റിൽ ഗുരുതരമായ തെറ്റാണ് ഉണ്ടായതെന്നും പ്രിൻസിപ്പാള്‍ അറിയിച്ചത്. എൻ.ഐ.സി വെബ്സൈറ്റുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉണ്ടാകുന്നതെന്നും ഇക്കാര്യം എൻ.ഐ.സിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കു.
പ്രിന്‍സിപ്പാളിനെതിരെ ആര്‍ഷോ:അതേസമയം പ്രിൻസിപ്പാളിനെതിരെ പി.എം.ആർഷോയും രംഗത്ത് വന്നു. ആദ്യഘട്ടം മുതൽ പരീക്ഷ എഴുതിയില്ലയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ആധികാരികത ഇല്ലാതെയാണ് രാവിലെ പ്രിൻസിപ്പാൾ സംസാരിച്ചത്. ഇന്ന് രാവിലെ ടൈപ്പ് ചെയ്‌തുണ്ടാക്കിയ പേപ്പർ ഉയർത്തിക്കാണിച്ചാണ് അദ്ദേഹം സംസാരിച്ചതെന്നും ഉത്തരവാദിത്തപ്പെട്ട പ്രിൻസിപ്പാൾ സംസാരിക്കേണ്ടത് ഇങ്ങനെയല്ലന്നും ആര്‍ഷോ വിമർശിച്ചു. ഗൂഢാലോചനയിൽ അന്വേഷണം ആവശ്യപ്പെടുമെന്നും പൊലീസിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചില മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയെന്നും ആർഷോ ആരോപിച്ചു.
ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് മഹാരാജാസ് കോളജിൽ സംഭവിച്ചത്. ഈ വിഷയത്തിൽ സമഗ്രമായി അന്വേഷണം ആവശ്യമാണ്. എഴുതാത്ത പരീക്ഷ വിജയിച്ചതായി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കാൻ എസ്എഫ്ഐ ഭാരവാഹിയായ താൻ ശ്രമിച്ചുവെന്ന് സ്ഥാപിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചതെന്നും ഇതിനുപിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായും പി.എം ആർഷോ പറഞ്ഞു. അതേസമയം മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ കെ.വിദ്യ വ്യാജരേഖ നിർമിച്ച് ഗസ്റ്റ് അധ്യാപക നിയമനം നേടിയ വാർത്ത പുറത്തുവന്നതോടെയാണ് പിഎം ആർഷോയുടെ റിസൾട്ടും വിവാദമാകുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് ജോലി നേടിയ സംഭവത്തില്‍ വിദ്യയ്ക്ക് എതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. കോളജ് പ്രിൻസിപ്പൽ ഡോ.വി.എസ് ജോയിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് സംഭവത്തില്‍ ആദ്യം കേസെടുത്തത്.
പ്രതിഷേധവുമായി കെഎസ്‌യു: കോളജിന്‍റെ പേരിൽ പൂര്‍വ വിദ്യാർഥി വ്യാജരേഖ ഉണ്ടാക്കിയതിലും, പരീക്ഷയെഴുതാത്ത എസ്എഫ്ഐ നേതാവ് ജയിച്ചതായി ഫലം പ്രസിദ്ധീകരിച്ചതിലും നടപടി ആവശ്യപ്പെട്ട് കെഎസ്‌യു മഹാരാജാസ് കോളജിലേക്ക് നടത്തിയ മർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് ഭേദിച്ച് കോളജിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതേതുടർന്നും പ്രതിഷേധം തുടർന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തു നീക്കി.