എറണാകുളം:വയോധികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒരാള്‍ കൊച്ചിയിൽ അറസ്‌റ്റിൽ. പള്ളിപ്പുറം ചെറായി ഭാഗത്ത് താമസിക്കുന്ന ശ്യാംലാൽ (26) നെയാണ് മുനമ്പം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വെളളിയാഴ്‌ച (28.07.2023) വൈകുന്നേരം ചെറായി ഭാഗത്ത് താമസിക്കുന്ന 90 വയസുള്ള വയോധികയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവം ഇങ്ങനെ:വയോധിക വീട്ടിൽ തനിച്ചുണ്ടായിരുന്ന സമയം പ്രതി വീട്ടിൽ കയറി തലയിണ ഉപയോഗിച്ച് മുഖത്തും, കഴുത്തിലും അമർത്തി ദേഹോപദ്രവം ഏൽപ്പിക്കുകയും തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. സംഭവത്തില്‍ ഞാറയ്ക്കൽ, മുനമ്പം, എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിലായി സ്ത്രീപീഡനം, ലഹരി ഉപയോഗം തുടങ്ങി ഏഴോളം കേസുകളിലെ പ്രതിയാണ് പിടിയിലായ ശ്യാംലാൽ.
പിടിയിലാവുന്നത് ഇങ്ങനെ:വയോധിക ഒറ്റയ്ക്കാണെന്ന് മനസിലാക്കിയായിരുന്നു പ്രതിയുടെ അതിക്രമം. ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാടാകെ നടുങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് വയോധികയ്‌ക്ക് നേരെയുള്ള ലൈംഗികാതിക്രമം. ഇയാളെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഇൻസ്പെക്‌ടർ എം.വിശ്വംഭരൻ, എസ്.ഐമാരായ ടി.എസ് സനീഷ്, എം.അനീഷ്, എസ്.സി.പി.ഒ സജി എന്നിവരാണുണ്ടായിരുന്നത്.
Also Read: Aluva Murder| 'പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച്'; 5 വയസുകാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പുറത്ത്
കൊടും ക്രൂരത:ആലുവയിൽ അഞ്ചുവയസുകാരി ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട സംഭവവും ശനിയാഴ്‌ചയാണ് പുറംലോകമറിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായ കുട്ടിയെ ശനിയാഴ്‌ച പകലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടന്ന വിശദമായ ഇൻക്വസ്റ്റിലാണ് പീഡനം നടന്നതായുള്ള സൂചന ലഭിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇതിൽ ശാസ്ത്രീയമായ സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചിരുന്നു. മാത്രമല്ല ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.
വിശദീകരണവുമായി പൊലീസ്: കാണാതായ കുട്ടിയുടെ മൃതദേഹം ആലുവ മാർക്കറ്റിന് സമീപം മാലിന്യം നിക്ഷേപിക്കുന്ന ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെത്തുന്നത്. സംഭവത്തില്‍ നിലവിൽ പിടിയിലായ അസ്‌ഫാക് ആലത്തെ കൂടാതെ മറ്റാരെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും മധ്യമേഖല ഡിഐജി എസ്. ശ്രീനിവാസ് ഐപിഎസ് പ്രതികരിച്ചിരുന്നു. പ്രതി ആലുവയിൽ എത്തിയത് എന്തിനെന്ന് പരിശോധിക്കുമെന്നും കുട്ടിയുടെ മൃതദേഹത്തില്‍ പരിക്കുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല നടത്തിയതിനെ കുറിച്ച് പ്രതി പറഞ്ഞ കഥകൾ അന്വേഷിക്കുമെന്നും ഡിഐജി പറഞ്ഞു. മൃതദേഹത്തിന് ചുറ്റും മൂന്ന് കല്ലുകളുണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിലുള്ള പ്രചോദനവും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും പ്രതി ഇപ്പോൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പിടിയിലായ പ്രതിയുടെ പശ്ചാത്തലത്തെ കുറിച്ച് ബിഹാർ പൊലീസിനോട് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിടിയിലായ അഫ്‌സാക്കിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ചെളിയിൽ കുഴിച്ചിട്ട് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി മൂന്ന് കല്ലുകൾ ചുറ്റിലും വച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ഡിഐജി എസ്. ശ്രീനിവാസ് കൂട്ടിച്ചേര്‍ത്തു.
Also Read: Video | 5 വയസുകാരിയുടെ കൊലപാതകം: പ്രതിയ്‌ക്കെതിരെ വൈകാരികമായി പ്രതികരിച്ച് നാട്ടുകാര്‍