എറണാകുളം: ലൈംഗിക പീഡന കേസില്‍ നടൻ വിജയ് ബാബുവിന്‍റ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് 30ന് മടങ്ങിയെത്തുമെന്ന് ചൂണ്ടിക്കാട്ടി മടക്കയാത്ര ടിക്കറ്റടക്കം അഭിഭാഷകൻ മുഖേന വിജയ് ബാബു ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. നടി തനിക്കയച്ച വാട്‌സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു കോടതിക്ക് കൈമാറിയിട്ടുണ്ട്.
കൂടാതെ ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും 2018 മുതൽ പരാതിക്കാരിയെ അറിയാമെന്നും സിനിമയിൽ അവസരത്തിന് വേണ്ടി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കുന്ന രേഖകൾക്കൊപ്പം ഉപഹർജിയും വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചു.
നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ടെന്നും പീഡനം നടന്നതിന് ശേഷം തൻ്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലീനിക്കിൽ നടി ഏപ്രിൽ 12ന് എത്തി ഇവിടെ വച്ച് തന്‍റെ ഭാര്യയുമായി സംസാരിച്ചതിന്‍റെ സി.സി.ടി.വി ദ്യശ്യങ്ങളുണ്ടെന്നും ഉപഹർജിയിൽ പറയുന്നു. ഗോൾഡൻ വിസ നടപടികൾക്കായാണ് ദുബായിയിലേക്ക് പോയതെന്നാണ് നടന്‍റെ വാദം. യാത്രാരേഖ സമർപ്പിച്ചാൽ മാത്രമെ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനാകൂ എന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 22നാണ് വിജയ് ബാബുവിനെതിരെ യുവനടി നൽകിയ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തത്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗം, ശാരീരികമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.
Also Read വിജയ് ബാബു 30ന് കേരളത്തിലേക്ക് ; മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി