എറണാകുളം :കോതമംഗലം ബിജെപിയിൽ ആഭ്യന്തര കലാപം രൂക്ഷം. നേതാക്കൾക്കെതിരെ കടുത്ത ആരോപണവുമായി സേവ് ബിജെപി ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നിൽപ്പ് സമരം നടത്തി.
കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയും, ഇവിടെ നിന്നുള്ള ജില്ല ഭാരവാഹികളും വോട്ട് കച്ചവടം, ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് തുടങ്ങിയവ നടത്തിയെന്ന് സേവ് ബിജെപി ഫോറം ആരോപിക്കുന്നു.
കോതമംഗലത്തെ പാര്‍ട്ടി നേതാക്കൾക്കെതിരെ സേവ് ബിജെപി ഫോറത്തിന്‍റെ നിൽപ്പ് സമരം ക്രമക്കേട് നടത്തിയ നേതാക്കളെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ചും മുതിര്‍ന്ന നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചുമാണ് സേവ് ബിജെപി ഫോറം നിൽപ്പ് സമരം നടത്തിയത്.
എം.എൻ ഗംഗാധരൻ, പി.കെ ബാബു, മുൻ നിയോജക മണ്ഡലം പ്രസിഡന്‍റ് സന്തോഷ് പത്മനാഭൻ, മനോജ് കാനാട്ട്, അഡ്വ.ജയശങ്കർ, വാരപ്പെട്ടിയിലെ മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി അനിൽ മഞ്ചേപ്പിള്ളി എന്നിവരെയാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് സംഘടനയിൽ നിന്ന് പുറത്താക്കിയത്.
ഇ.ടി.നടരാജൻ മണ്ഡലം പ്രസിഡന്‍റ് ആയതുമുതൽ തെരഞ്ഞെടുപ്പ് ഫണ്ടിൽ നടത്തിയ ക്രമക്കേടുകൾ ചോദ്യം ചെയ്തതിന്‍റെയും അന്നത്തെ കമ്മിറ്റി യോഗങ്ങളിലും, മേൽഘടകങ്ങളിലും പരാതിപ്പെട്ടതിന്‍റെയും പേരിലാണ് പുറത്താക്കല്‍ നടപടിയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
AlsoRead:സംസ്ഥാനത്ത് ഞായറാഴ്‌ച മദ്യ വിൽപ്പനയില്ല
അഴിമതിയും, സ്വേഛാധിപത്യവും മൂലം സംഘടനയെ തകർത്ത മണ്ഡലം പ്രസിഡന്‍റ്, ജില്ല വൈസ് പ്രസിഡന്‍റ്, ജില്ല സെക്രട്ടറി എന്നിവരെ പുറത്താക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.