എറണാകുളം :പ്രളയ സമയത്ത് സംസ്ഥാനത്തിന്‍റെ രക്ഷയ്‌ക്കെത്തിയവരാണ് മത്സ്യത്തൊഴിലാളികളെന്നും അവർക്ക് എന്ത് തിരിച്ചുനൽകിയെന്ന് ചിന്തിക്കണമെന്നും ശശി തരൂര്‍ എംപി. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന നിർബന്ധം പാടില്ല. സമരക്കാരുടെ മറ്റാവശ്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്.
വിഴിഞ്ഞം സമരത്തെക്കുറിച്ച് തരൂര്‍ പൊലീസ് സ്റ്റേഷൻ അക്രമം അംഗീകരിക്കാനാവില്ല. ഇരുകൂട്ടരുടെ ഭാഗത്തും വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടെന്നും വികസനം രാജ്യത്തിന് വേണ്ടിയാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. വിഷയത്തിൽ സമവായം വേണം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വികസനം നടപ്പാക്കണം. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരല്ലെന്നും തരൂര്‍ ആവര്‍ത്തിച്ചു.
തിരുവനന്തപുരം എം.പി കൂടിയായ ശശിതരൂർ വിഴിഞ്ഞം വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്ന് വിമർശനമുയർന്നിരുന്നു. ഇതിനിടെയാണ് തുറമുഖ നിർമാണത്തെയും, മത്സ്യ തൊഴിലാളികളെയും പിന്തുണച്ചുള്ള തരൂരിന്‍റെ പ്രതികരണം. അതേസമയം ശശി തരൂർ എംപി സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർച്ചു. സഭ ആസ്ഥാനമായ കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലെത്തിയായിരുന്നു കൂടിക്കാഴ്‌ച. കർദിനാൾ ആലഞ്ചേരി ശശി തരൂരിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ഇരുവരും അടച്ചിട്ട മുറിയിൽ ചർച്ച നടത്തി.
കർദിനാളിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചാണ് തരൂർ മടങ്ങിയത്. നാടിനെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്‌തുവെന്നും കർദിനാളുമായുള്ള കൂടിക്കാഴ്‌ച വ്യക്തിപരമായിരുന്നുവെന്നും തരൂർ പ്രതികരിച്ചു. രാവിലെ പതിനൊന്ന് മണിക്ക് അങ്കമാലി മോർണിംഗ് സ്റ്റാർ കോളജിൽ വിദ്യാർഥികളുമായി തരൂർ സംവദിക്കും. തരൂരിന്‍റെ മധ്യകേരളത്തിലെ പര്യടനത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.