എറണാകുളം: ശബരിമലയിൽ വിശ്രമസ്ഥലങ്ങളിലും ക്യൂ കോംപ്ലക്‌സിലും ശുചീകരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശം (High court on Sabarimala pilgrimage). തിരക്ക് വർധിച്ചാൽ വിശ്രമസ്ഥലങ്ങളിൽ അതിനനുസരിച്ച് ശുചിമുറി സംവിധാനങ്ങളും എലവുങ്കലിൽ ഭക്ഷണമടക്കമുള്ളവ കൃത്യമായി ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. ക്യൂ കോംപ്ലക്‌സിലും വിശ്രമ കേന്ദ്രങ്ങളിലും കുടിവെള്ളമോ വൈദ്യസഹായ സംവിധാനങ്ങളോ ഇല്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല ദർശനത്തിന് പോയ രണ്ട് അഭിഭാഷകർ കോടതിയെ നേരിട്ടറിയിച്ചിരുന്നു.
ശബരിമലയിലേക്ക് അഭിഭാഷക സംഘത്തെ അയയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതി ഇന്നെടുത്തില്ലെങ്കിലും വിഷയം പരിഗണനയിലാണെന്ന് വാക്കാൽ വ്യക്തമാക്കി. ക്യൂ കോംപ്ലക്‌സ്, വിശ്രമ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച് പരിശോധന നടത്തുക, ലഭ്യമായ സൗകര്യങ്ങൾ, ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ വിലയിരുത്താനുമായി അഭിഭാഷക സംഘത്തെ ചുമതലപ്പെടുത്താനായിരുന്നു ഹൈക്കോടതി ആലോചിച്ചതെങ്കിലും, ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടില്ല.