കേരളം

kerala

ETV Bharat / state

ഭീഷണി വിതച്ച് പാറമട: ജനരോഷം ഉയരുന്നു

50 ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന പാറമടയാണ് അമ്പതോളം വീട്ടുകാർക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നത്

ഭീഷണി വിതച്ച് പാറമട: ജനരോഷം ഉയരുന്നു

By

Published : Sep 4, 2019, 4:42 AM IST

Updated : Sep 5, 2019, 2:47 PM IST

എറണാകുളം: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി വിതച്ച് രാപകൽ പ്രവർത്തിക്കുന്ന പാറമടക്കെതിരെ ജനരോഷം ഉയരുന്നു. പാറമടയിൽ നിന്ന് പുറംന്തള്ളിയ കൂറ്റൻ മൺകൂനയാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. കോതമംഗലം, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ മൈലൂർ - കക്കാട്ടൂർ റോഡിന് ഇടതുഭാഗത്ത് 50 ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന പാറമടയാണ് അമ്പതോളം വീട്ടുകാർക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നത്. വർഷങ്ങളായി ഇവിടെ നടക്കുന്ന പാറ ഖനനം മൂലം പൊറുതിമുട്ടിയിരിക്കുമ്പോഴാണ് പാറമടയിൽ നിന്ന് പലപ്പോഴായി തള്ളിയ ആയിരക്കണക്കിന് ലോഡ് മണ്ണ് കൂറ്റൻ കൂനയായി മാറി പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്.

നിരന്തരമായ പാറ ഖനനം ഇപ്പോൾ ജനവാസ കേന്ദ്രത്തിനടുത്ത് എത്തി നിൽക്കുകയാണ്. സമീപത്തെ 100- ഓളം വീടുകൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനോട് ചേർന്നിരിക്കുന്ന കൂറ്റൻ ഇലക്ട്രിക് ടവറും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. പാറമടയിലെ മണ്ണ് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രത്തിനടുത്താണ് നിക്ഷേപിച്ചിരിക്കുന്നത്. ഏകദേശം നൂറടിയോളം പൊക്കത്തിലാണ് മൺകൂനയുള്ളത്. മഴക്കാലമായതുകൊണ്ട് ഇത് ഏത് നിമിഷവും തളളിപ്പോരാമെന്നാണ് നാട്ടുകാർ ഭയക്കുന്നത്.

പാറമടക്ക് ചുറ്റും 20-ഓളം അടി ഉയരത്തിൽ സിമന്‍റ് ഇഷ്ടിക കൊണ്ട് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. റോഡിലൂടെ പോകുന്നവർക്ക് മതിൽ കെട്ടിനു മുകളിലൂടെ കൂറ്റൻ മൺകൂന കാണാൻ കഴിയും. തുടർച്ചയായി മഴ പെയ്യുമ്പോൾ മൺകൂന താഴേക്ക് പതിക്കാനുള്ള സാധ്യതയേറെയാണ്. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിനും അമ്പതോളം വീടുകൾക്കും സുരക്ഷാ ഭീഷണി ഉണ്ടായിട്ടും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. വീടുകൾക്ക് വിള്ളൽ , ജലമലിനീകരണം, ശബ്ദ- വായു മലിനീകരണം, ഉരുൾപൊട്ടൽ ഭീഷണി തുടങ്ങി ജീവനും സ്വത്തിനും അപകടകരമായി ഭവിക്കാവുന്ന ഈ പാറമടക്കെതിരെ നാട്ടുകാർ രംഗത്തു വന്നിരിക്കുകയാണ്. രാത്രിയോ പകലോ നോക്കാതെയാണ് പാറ ഖനനം നടത്തുകയാണെന്നും നാട്ടുകാർ പറഞ്ഞു. അമ്പത് ഏക്കറോളം വിസ്തൃതിയിൽ കിടക്കുന്ന പാറമട വലിയ അപകടം വരുത്തുമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തങ്ങളുടെ നാടിനെ മറ്റൊരു കവളപ്പാറയാക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.

Last Updated : Sep 5, 2019, 2:47 PM IST

ABOUT THE AUTHOR

...view details