എറണാകുളം: മഴക്കാലമെത്തിയതോടെ കലൂർ- കതൃക്കടവ് റോഡിലെ കാൽനടയാത്ര പോലും അസാധ്യമായ അവസ്ഥയിലാണ്. കതൃക്കടവ് പാലത്തിൽ നിന്നും തമ്മനത്തേക്ക് തിരിഞ്ഞാൽ നൂറ് മീറ്ററോളം കുഴികൾ മാത്രമാണ്. എത്ര ശ്രദ്ധിച്ച് ഇരുചക്ര വാഹനം ഓടിച്ചാലും കുഴിയിലേക്ക് വീഴുമെന്ന സ്ഥിതിയാണിപ്പോൾ.
യാത്രക്കാരെ വലച്ച് കലൂർ- കതൃക്കടവ് റോഡ് - road
റോഡിന്‍റെ കാര്യത്തിൽ തീരുമാനമാകാൻ മഴക്കാലം കഴിയും വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.
മഴ പെയ്ത് വെള്ളം നിറയുന്നതോടെ റോഡിലെ കുഴികൾ ഒന്നും കാണാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇതുവഴി വരുന്ന ഇരുചക്രവാഹനം ഓടിക്കുന്നവർ തെന്നി വീഴുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാർ പറയുന്നു. മഴപെയ്താൽ കാനയിലൂടെ വെള്ളം പോകാനുള്ള സംവിധാനം ഇവിടെയില്ല. മഴ കുറവുള്ളതുകൊണ്ട് മാത്രമാണ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇതുവഴി കടന്നു പോകാൻ സാധിക്കുന്നത്. നാട്ടുകാർ ചാലുണ്ടാക്കി റോഡിൽ നിന്ന് വെള്ളം പോകാനുള്ള സംവിധാനം ഒരുക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മഴ പെയ്യുന്ന ദിവസങ്ങളിലെല്ലാം ചെളിക്കുഴികൾ രൂപപ്പെടുന്നതിനാൽ ഇതുവഴിയുള്ള യാത്ര ഏറെ ദുരിതമാണെന്ന് ഡ്രൈവർമാരും പറയുന്നു. ഈ റോഡിന്‍റെ കാര്യത്തിൽ ഒരു തീരുമാനമാകാൻ ഇനി മഴക്കാലം കഴിയും വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.