എറണാകുളം: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തതും ജില്ല കലക്‌ടർ അടക്കമുള്ള ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. തീപിടിത്തത്തില്‍ എടുത്ത നടപടികൾ വിശദീകരിക്കാൻ നേരിട്ട് ഹാജരാകാൻ ജില്ല കലക്‌ടറോട് കോടതി നിര്‍ദേശിച്ചതാണ് കൂടുതല്‍ ചർച്ചയായത്. അതിനിടെയാണ് എറണാകുളം ജില്ല കലക്‌ടറായിരുന്ന രേണു രാജിനെ സർക്കാർ വയനാട് ജില്ലയിലേയ്‌ക്ക് സ്ഥലം മാറ്റിയത്.
രേണു രാജ് ഉള്‍പെടെ നാല് ജില്ല കലക്‌ടര്‍മാര്‍ക്കായിരുന്നു സ്ഥലം മാറ്റം കിട്ടിയത്. 2015 ബാച്ചിലായിരുന്നു രേണു രാജ് സിവില്‍ സര്‍വീസ് പാസായത്. 2022ലാണ് എറണാകുളം ജില്ല കലക്‌ടറായി രേണു രാജ് ചുമതലയേറ്റത്. കഴിഞ്ഞ വ്യാഴാഴ്‌ച 2.03.2023നായിരുന്നു ബ്രഹ്മപുരം മാലിന്യപ്ലാന്‍റിന് തീപിടിത്തമുണ്ടായത്.
വ്യാപകമായ തീപിടിത്തത്തെ തുടർന്ന് തീയണയ്‌ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മറ്റ് ജില്ലകളിലേയ്‌ക്കും പുക വ്യാപിച്ചിരുന്നു. പ്രതിസന്ധി തുടര്‍ന്നതോടെ അഗ്നി രക്ഷാസേനയ്‌ക്ക് പുറമെ കരസേനയുടെയും വ്യേമസേനയുടെയും ഹെലികോപ്‌റ്ററുകളെയും തീയണയ്‌ക്കുന്നതിനായി സജ്ജമാക്കി. തുടര്‍ന്ന് മാര്‍ച്ച് ഏഴിന് തീപിടിത്തത്തിന്‍റെ കാരണത്തെക്കുറിച്ചും അതുമൂലമുണ്ടായ പ്രതിസന്ധിയെക്കുറിച്ചും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ജില്ല കലക്‌ടറോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ജില്ല കലക്‌ടര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നും കോടതി അതൃപ്‌തി അറിയിച്ചിരുന്നു.
വിവാദമായ സ്‌റ്റോപ്പ് മെമോ:തുടക്കത്തില്‍ രേണു രാജ് നഗരസഭ വകുപ്പ് ഡയറക്‌ടറായിരുന്നു. അതിനിടയില്‍ ദേവികുളം സബ് കലക്‌ടറായി സേവനമനുഷ്‌ഠിച്ചപ്പോൾ മുതിരപ്പുഴയാറിന്‍റെ തീരത്ത് അനധികൃതമായി നിര്‍മിക്കുന്ന കെട്ടിടത്തിന് സ്‌റ്റോപ്പ് മെമോ കൊടുത്ത വാര്‍ത്തയും ഏറെ വിവാദമായിരുന്നു.
പ്രതിസന്ധി തുടരുന്നു: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി എട്ടാം ദിവസവും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുവെങ്കിലും കത്തിക്കരിഞ്ഞ പ്ലാസ്‌റ്റിക് കൂമ്പാരത്തില്‍ നിന്നും ഉയരുന്ന പുകയാണ് ഏറെ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. ഇന്ന് രാവിലെയും കൊച്ചിയിലെ നഗരപ്രദേശങ്ങളില്‍ പുക പടര്‍ന്നിരുന്നു.
പുക ശമിപ്പിക്കുന്നതിനായി വ്യോമസേനയുടെ ഹെലികോപ്‌റ്ററുകളില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ 30 ഫയര്‍ ടെന്‍ഡറുകളും 125 അഗ്നി രക്ഷാസേനാഗങ്ങളുമാണ് പുക ശമിപ്പിക്കുവാനുള്ള പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 60,000 ലിറ്റര്‍ വെള്ളമാണ് ഒരു മിനിറ്റില്‍ പമ്പ് ചെയ്യുന്നത്.
തീയണയ്‌ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആരോഗ്യ നില പരിശോധിക്കുന്ന നടപടികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എറണാകുളം ജനറല്‍ ആശൂപത്രിയില്‍ നിന്നുമുള്ള മെഡിക്കല്‍ സംഘമെത്തി ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്‌താണ് ജീവനക്കാരുടെ ആരോഗ്യ നില പരിശോധിക്കുന്നത്. എന്നാല്‍, വായുവിന്‍റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ട എന്നാണ് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വാല്യൂ കുറഞ്ഞുവരുന്നുണ്ടെന്ന് ഭരണകുടം നിരീക്ഷിച്ചു. എന്നിരുന്നാലും മുന്‍കരുതലിന്‍റെ ഭാഗമായി ശ്വാസകേശ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങിയവരോട് ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. പ്രദേശവാസികളോട് മാസ്‌ക് വയ്‌ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാലിന്യമെന്ന പ്രതിസന്ധി:വീടുകളിലും ഫ്ലാറ്റുകളിലും സ്ഥാപനങ്ങളിലും മാലിന്യ നീക്കം നിലച്ചിരിക്കുന്നതിനെ തുടര്‍ന്ന് മാലിന്യം കെട്ടിക്കിടക്കുന്നത് ദുര്‍ഗന്ധത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയാണ്. മാലിന്യ നീക്കത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി അറിയിച്ചുവെങ്കിലും മാലിന്യങ്ങള്‍ ഇതുവരെയും ശേഖരിച്ചു തുടങ്ങിയിട്ടില്ല.