ഇടിയുടെ പൂരം കാണാൻ തിയേറ്ററിലെത്തണമെന്ന് ആർഡിഎക്‌സ് താരങ്ങളും സംവിധായകനും കൊച്ചി:നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാറർ ചിത്രം ആർഡിഎക്‌സ് പ്രൊമോഷൻ പരിപാടികൾ എറണാകുളം ലുലു മാളില്‍ നടന്നു. സംവിധായകൻ നഹാസ് ഹിദായത്, തിരക്കഥാകൃത്തുക്കളായ ഷഹബാസ് റഷീദ്, ആദർശ് സുകുമാരൻ, നിർമ്മാതാവ് സോഫിയ പോൾ, താരങ്ങളായ ഷെയിൻ നിഗം, ആന്‍റണി വർഗീസ് പെപ്പേ, ബാബു ആന്‍റണി, മഹിമ നമ്പ്യാർ എന്നിവരാണ് ആരാധകരെ നേരില്‍ കണ്ടത്.
തിയേറ്ററിൽ കയ്യടിച്ചും വിസിലടിച്ചും ആഘോഷമാക്കാനുള്ള എല്ലാ ചേരുവകളും സിനിമയിലുണ്ടെന്ന് സംവിധായകൻ പറഞ്ഞു. ട്രെയിലറിൽ കണ്ടത് വെറും സാമ്പിൾ മാത്രമാണെന്നും ഇടിയുടെ പൂരം ആണ് തിരശ്ശീലയിൽ അവതരിക്കാൻ പോകുന്നതെന്നും സംവിധായകന്‍റെ ഉറപ്പ്. തിയേറ്ററിലെത്തി സിനിമയെ ആഘോഷമാക്കണമെന്നും വിജയിപ്പിക്കണമെന്നും ഷെയിൻ നിഗം പറഞ്ഞുനിർത്തി. ബാബു ആന്‍റണിയും ആന്‍റണി വർഗീസ് പെപ്പെയും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ചും തിയേറ്ററിൽ കാണാനിരിക്കുന്ന ആക്ഷൻ രംഗങ്ങളെ കുറിച്ചും വാചാലരായി.
also read: RDX Trailer| 'ഇടി'പ്പടവുമായി ഷെയ്‌നും ആന്‍റണിയും നീരജും; 'ആർഡിഎക്‌സ്' ട്രെയ്‌ലറെത്തി
സിനിമയിലെ മിക്ക കഥാപാത്രങ്ങൾക്കും ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ അപകടങ്ങൾ പിണഞ്ഞതായും താരങ്ങൾ തുറന്നുപറഞ്ഞു. മധുരരാജക്ക് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് മഹിമ നമ്പ്യാർ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. അതിന്‍റെ സന്തോഷവും മഹിമ പങ്കുവെച്ചു.
ഫാമിലി ആക്ഷൻ:അന്യഭാഷ ചിത്രങ്ങളോട് കിടപിടിക്കുന്നആക്ഷനൊപ്പം സ്റ്റൈലും ഒത്തുചേരുന്ന ചിത്രമാകും ആർഡിഎക്‌സ് (റോബർട്ട്, ഡോണി സേവ്യർ) എന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ട ട്രെയിലർ നല്‍കുന്ന സൂചന. കെജിഎഫ്, വിക്രം, ബീസ്റ്റ് എന്നി സിനിമകൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ആർഡിഎക്‌സിന്‍റെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. ഷെയ്‌ൻ നിഗം, ആന്‍റണി വർഗീസ് പെപ്പെ, നീരജ് മാധവ് എന്നിവരാണ് ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
also read: RDX song| സാന്‍ഡി മാസ്‌റ്റര്‍ക്കൊപ്പം ഹലബല്ലു ഹൂക്ക് സ്‌റ്റെപ്പുകളുമായി ഷെയ്‌നും നീരജ് മാധവും ആന്‍റണി വര്‍ഗീസും
ബാബു ആന്‍റണി, ലാല്‍, ഐമ റോസ്‌മി സെബാസ്റ്റ്യൻ, മാല പാർവതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിന്നല്‍ മുരളി, ബാംഗ്ലൂർ ഡേയ്‌സ്, പടയോട്ടം എന്നി സിനിമകൾ സമ്മാനിച്ച സോഫിയ പോളാണ് സിനിമ നിർമിക്കുന്നത്. താരങ്ങളുടെ പരിക്കും പ്രതികൂല കാലാവസ്ഥയും മൂലം ഏഴ് മാസത്തോളമെടുത്താണ് ആർഡിഎക്‌സ് ചിത്രീകരണം പൂർത്തിയാക്കിയത്. ഓണം റിലീസായി ഓഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.