എറണാകുളം : ദിലീപിനൊപ്പം വേദി പങ്കിട്ടതിൽ തെറ്റില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ദിലീപിൻ്റെ വീട്ടിൽ പോയി കൂടിക്കാഴ്‌ച നടത്തിയതോ, ഒപ്പം ചായ കുടിക്കാൻ പോയതോ അല്ല. അങ്ങിനെയാണെങ്കിൽ തന്നെ കഴുവേറ്റേണ്ട കാര്യമില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
ഫിയോക്കിന്‍റെ പൊതുപരിപാടിയിലാണ് ഒരുമിച്ച് പങ്കെടുത്തത്. ദിലീപുള്ള പരിപാടികളിൽ നിന്ന് ഓടിയൊളിക്കാനാകില്ല. സിനിമ പ്രവർത്തകൻ എന്ന നിലയിൽ സഹപ്രവർത്തകർക്കൊപ്പം പരിപാടികളിൽ പങ്കെടുക്കുന്നതിന് സർക്കാർ തൻ്റെ മേൽ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല.
ഫിയോക്കിന്‍റെ ചടങ്ങില്‍ ദിലീപിനൊപ്പം വേദി പങ്കിട്ടതിൽ രഞ്ജിത്ത് READ MORE:ഫിയോക്ക് യോഗത്തില്‍ ദിലീപിനൊപ്പം വേദി പങ്കിട്ട് രഞ്ജിത്ത്; രഞ്ജിത്തിനെ അഭിനന്ദിച്ച് ദിലീപ്
തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത് ദിലീപല്ല. കേരളത്തിലെ മുഴുവൻ തിയേറ്ററുകളുടെയും ഉടമയല്ല ദിലീപ്. കൊവിഡിൽ അടഞ്ഞുകിടന്ന തിയേറ്റർ പ്രവർത്തനം തുടങ്ങിയശേഷമുള്ള സാഹചര്യമാണ് താൻ ഇവിടെ എത്തിയശേഷം ചർച്ച ചെയ്തത്.
താൻ യാത്ര ചെയ്യുന്ന വിമാനത്തിൽ ദിലീപ് ഉണ്ടായാൽ ചാടണോയെന്നും രഞ്ജിത്ത് ചോദിച്ചു. ഫിയോക്കിന്‍റെ പരിപാടിയിൽ പത്ത് മിനിറ്റ് പങ്കെടുത്ത് തിരിച്ചുവന്നു. അത്രമാത്രമേ തനിക്ക് പറയാനുള്ളൂ. അതിൽ കൂടുതൽ പറയേണ്ട കാര്യവുമില്ല - രഞ്ജിത്ത് വിശദീകരിച്ചു.