എറണാകുളം:സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച ആരോപണത്തിൽ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടിത്തം അട്ടിമറിയാണെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണെന്ന് ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുള്ള പ്രവർത്തനമാണ് നടന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
കോൺസുലേറ്റും രാജ്ഭവനുമായും ബന്ധപ്പെട്ട ഫയലുകൾ, ഗസ്റ്റ്ഹൗസിൽ മുറി ബുക്ക് ചെയ്ത ഫയലുകൾ, പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട ഫയലുകൾ തുടങ്ങിയവ പേപ്പർ ഫയലുകളാണെന്നും ഇതിന്‍റെ ബാക്ക്അപ്പ് ഫയലുകൾ ഇല്ലെന്നാണ് ഹോം സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും തങ്ങളോട് പറഞ്ഞതെന്നും ചില ഫയലുകൾ അവിടെ നിന്നും എടുത്തു കൊണ്ടുപോയതായി പറയുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
തീപിടിത്തം അട്ടിമറിയാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷം ചീഫ് സെക്രട്ടറിയോ ഏതെങ്കിലും ഐ.എ.എസ് ഉദ്യോഗസ്ഥരോ അന്വേഷിച്ചാൽ ഈ സംഭവങ്ങളിലെ സത്യം പുറത്ത് വരില്ല. എൻ.ഐ.എ തന്നെ സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ഇതിനാവശ്യമായ നിവേദനങ്ങളും സമരങ്ങളുമായി യു.ഡി.എഫ്. മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എം.എൽ.എമാരെ കടത്തി വിടാത്തതിനെ തുടർന്നാണ് തനിക്ക് അവിടെ പോകേണ്ടി വന്നത്. യു.ഡി.എഫ്. സമരങ്ങളെല്ലാം പ്രോട്ടോക്കോൾ പാലിച്ചാണ് നടത്തിയത്. പൊലീസാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായപ്പോൾ ചീഫ് സെക്രട്ടറി സെക്യൂരിറ്റി ഉദ്യോഗസ്ഥനെ പോലെയാണ് പെരുമാറിയത്. അദ്ദേഹത്തെ മന്ത്രിസഭ അഭിനന്ദിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.