എറണാകുളം: കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി അട്ടിമറിക്കാൻ സിപിഎം വ്യാപകമായി കള്ളവോട്ട് ചേർത്തെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യ പ്രക്രിയയിൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇരട്ട വോട്ട് ചേർത്തിട്ടുണ്ട് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് രമേശ് ചെന്നിത്തല - Kerala government
ഭക്ഷ്യ കിറ്റ് വിതരണത്തിന് പ്രതിപക്ഷം എതിരല്ലെന്നും പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ കാര്യങ്ങൾ സർക്കാർ ചെയ്യുന്നതിനെയാണ് വിമർശിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി
അതേ സമയം ആസൂത്രിതമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എംപിമാർ പരാതി നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി. കാസർകോട് സ്വദേശിനിയായ കുമാരി അറിയാതെ അവരുടെ വോട്ട് ചേർത്തുവെന്നും ഇങ്ങനെ വോട്ടർമാർ അറിയാതെ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജനവിധി അട്ടിമറിക്കാൻ കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. ആര് കള്ളവോട്ട് ചേർത്താലും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആഴക്കടൽ മത്സ്യബന്ധന കരാറിൽ മുഖ്യമന്ത്രി കള്ളം പറയുന്നു. അന്വേഷണം നടത്തിയാൽ പിണറായി വിജയനും മേഴ്‌സിക്കുട്ടിയമ്മയും പ്രതികളാകും. മത്സ്യബന്ധന കരാറിൽ ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. മോദി ആകാശം വിൽക്കുമ്പോൾ പിണറായി കടല്‍ വിൽക്കുന്നു. തുടർ ഭരണം ഉണ്ടായാൽ കേരളം വിൽക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഭക്ഷ്യ കിറ്റ് വിതരണത്തിന് പ്രതിപക്ഷം എതിരല്ലെന്നും പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ കാര്യങ്ങൾ സർക്കാർ ചെയ്യുന്നതിനെയാണ് വിമര്‍ശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.