എറണാകുളം : ലോക്ക് ഡൗണിന്‍റെ മറവിൽ ക്വാറി ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നതായി പരാതി. കോതമംഗലം പിടവൂരിലുള്ള പാറമടകളിലാണ് അമിതവില ഈടാക്കുന്നതായി പരാതി ഉയർന്നിട്ടുള്ളത്. ഇതിനെ തുടർന്ന് നിർമ്മാണ മേഖലയിലെ തൊഴിലാളികളും, വാഹന ഡ്രൈവർമാരും കോതമംഗലത്ത് പിടവൂരിലുള്ള പാറമട ഉപരോധിച്ചു.
ലോക്ക് ഡൗണിൽ അടിയന്തര നിർമാണപ്രവർത്തനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന ക്വാറികൾ വീണ്ടും സജീവമായിരുന്നു. എന്നാൽ ഇന്ന് രാവിലെ കരിങ്കല്ല് കയറ്റാൻ വാഹനങ്ങളുമായി വന്ന പ്രദേശവാസികളായ ഡ്രൈവർമാരിൽ നിന്നും അമിത വില ചോദിച്ചു. തുടർന്നാണ് തൊഴിലാളികളും വാഹന ഡ്രൈവർമാരും ക്വാറിക്ക് മുന്നിൽ വാഹനങ്ങൾ നിരത്തി ഉപരോധം ആരംഭിച്ചത്.
പിടവൂരിലെ ക്വാറി ഉടമകൾ പ്രദേശവാസികളായ ഡ്രൈവർമാരെ അവഗണിച്ച് ജില്ലക്ക് പുറത്തുള്ളവർക്ക് അമിത ലാഭം ഈടാക്കി വിൽക്കുകയാണെന്ന് ഡ്രൈവേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ഷിയാസ് പറഞ്ഞു. റെഡ് സോണായ ഇടുക്കിയിൽ നിന്നും 30 വാഹനങ്ങളാണ് പിടവൂരിലുള്ള പാറമടകളിൽ എത്തിയത്. ഇത്രയും വാഹനങ്ങൾ ഇവിടെ എത്തിയത് അധികൃതരുടെ മൗനാനുവാദം കൊണ്ടാണെന്നും ആരോപണമുണ്ട്.
വിലവർദ്ധനവ് ശ്രദ്ധയിൽപ്പെട്ട ചില തൊഴിലാളി യൂണിയനുകൾ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അമിതവില ഈടാക്കുന്ന കരിങ്കൽ ക്വാറികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കലക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തിക്കൊണ്ടാണ് ക്വാറി മാഫിയകൾ കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നതെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് മനോജ് ഗോപി പറഞ്ഞു.