എറണാകുളം:വനിത ഹൗസ് കീപ്പർ തസ്‌തികയിലേക്ക് നേരിട്ട് അപേക്ഷിക്കാൻ ട്രാൻസ് ജെൻഡർ യുവതിക്ക് അനുവാദം നൽകിയ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ശരി വച്ച് ഹൈക്കോടതി. ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹോമിയോ മെഡിക്കൽ കോളജിലെ വനിത ഹൗസ് കീപ്പർ തസ്‌തികയിലേക്ക് അപേക്ഷിക്കാൻ തടസം നേരിട്ട പാലക്കാട് സ്വദേശിയായ ട്രാൻസ് ജെൻഡർ യുവതി അനീറ കബീർ നേരത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഇടക്കാല ഉത്തരവ് നേടിയിരുന്നു.
നേരിട്ട് പിഎസ്‌സിയ്ക്ക് പ്രസ്‌തുത തസ്‌തികയിലേക്ക് അപേക്ഷ സമർപ്പിക്കാനായിരുന്നു ട്രൈബ്യൂണൽ ഇടക്കാല ഉത്തരവ്. എന്നാൽ വനിതകൾക്ക് മാത്രമുള്ള തസ്‌തികയാണെന്നും വനിത ഹോസ്റ്റലിൽ താമസിക്കേണ്ടി വരുമെന്നും സുരക്ഷ മുൻ നിർത്തി സ്ത്രീകളെ മാത്രമെ ജോലിക്ക് പരിഗണിക്കാനാകൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പി.എസ്.സിയുടെ ഹർജി.
പരാതിക്കാരിയുടെ ആക്ഷേപത്തിന്മേൽ മൂന്ന് മാസത്തിനകം ട്രൈബ്യൂണൽ തീരുമാനമെടുക്കണമെന്ന് ഉത്തരവിട്ട ഹൈക്കോടതി ട്രൈബ്യൂണലിന്‍റെ ഇടക്കാല ഉത്തരവിൽ ഇടപെടുന്നില്ലെന്നും നിലപാടെടുത്തു. സാങ്കേതിക പ്രശ്‌നം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തതിനെ തുടർന്നായിരുന്നു അനീറ 2019ലെ ട്രാൻസ് ജെൻഡർ പേഴ്‌സണ്‍സ് നിയമപ്രകാരം അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അനീറയുടെ ജോലിയുമായി ബന്ധപ്പെട്ട് നേരത്തെയും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സമൂഹത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗം ഇപ്പോഴും ജോലി സംബന്ധമായ വിഷയങ്ങളില്‍ വെല്ലുവിളികള്‍ ഏറെ നേരിടുന്നുണ്ടെന്നതിന് ഉദാഹരണമാണ് അനീറയുടെ ജീവിതം. ട്രാന്‍സ് ജെന്‍ഡര്‍ സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ അത് നടപ്പാക്കി തുടങ്ങിയിട്ടില്ലെന്ന് നേരത്തെ അനീറ ആരോപിച്ചിരുന്നു.