എറണാകുളം:കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയുവാനായി അധികൃതർ നടപടികൾ ശക്തമാക്കുമ്പോഴും സമയക്രമം ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ പോര് തുടരുകയാണ്. ആലുവ മാർക്കറ്റിന് സമീപം സമയത്തെ ചൊല്ലിയുള്ള തർക്കം നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു. ആലുവയിൽ മത്സരയോട്ടത്തിനിടയിൽ ഒരു ബസ് മറ്റൊരു ബസിന്‍റെ മുന്നിൽ നിർത്തിയിട്ട് തടസം സൃഷ്‌ടിച്ചതിനെ തുടര്‍ന്ന് ബസ് ജീവനക്കാരൻ തന്നെ തടഞ്ഞിട്ട ബസിന്‍റെ മിറർ ഗ്ലാസ് അടിച്ചു തകർക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
സമയത്തെ ചൊല്ലിയുള്ള തര്‍ക്കം; തടസം സൃഷ്‌ടിച്ച ബസിന്‍റെ മിറര്‍ ഗ്ലാസ് അടിച്ച് തകര്‍ത്ത് സ്വകാര്യ ബസ് ജീവനക്കാരന്‍
ആലുവ മാർക്കറ്റിന് സമീപം സമയത്തെ ചൊല്ലിയുള്ള തർക്കം നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷമാണ് മുന്നില്‍ നിര്‍ത്തിയിട്ട് തടസം സൃഷ്‌ടിച്ച ബസിന്‍റെ മിറര്‍ ഗ്ലാസ് അടിച്ച തകര്‍ക്കാന്‍ കാരണമായത്
ആലുവ പൂത്തോട്ട, ആലുവ പെരുമ്പടപ്പ് റൂട്ടിലോടുന്ന ബസുകളിലെ ജീവനക്കാർ തമ്മിലാണ് തർക്കമുണ്ടായത്. നഗരം ചുറ്റണമെന്ന ട്രാഫിക്ക് നിർദേശം ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അക്രമം നടക്കുന്ന സമയം ബസിൽ യാത്രക്കാരുണ്ടായിരുന്നു.
ആലുവ ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് ബസുകളിലെ ജീവനക്കാർ തമ്മിൽ കളമശേരി മുതൽ വാക്കേറ്റം തുടങ്ങിയിരുന്നു. ആലുവ മാർക്കറ്റിനടുത്ത് എത്തിയപ്പോഴായിരുന്നു മിറർ ഗ്ലാസ് തകർത്തത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു. അതേസമയം, കൊച്ചിയിൽ ആറുമാസത്തിനിടെയുണ്ടായ വാഹനാപകടത്തിൽ മരിച്ച 16 പേരിൽ ആറു പേരും സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടർന്നായിരുന്നു മരണപ്പെട്ടത്. ഇതേ തുടർന്നാണ് പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നടപടികൾ തുടരുന്നത്.