എറണാകുളം : ബിജെപി സർക്കാർ ഉള്ള സംസ്ഥാനങ്ങളിൽ വികസനം അതിവേഗമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടങ്ങളില്‍ ഇരട്ട എഞ്ചിൻ സർക്കാരാണ് പ്രവർത്തിക്കുന്നതെന്നും മോദി പറഞ്ഞു. നെടുമ്പാശ്ശേരിയിൽ നടന്ന ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. രാജ്യത്തെ ഓരോ പൗരനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് മുൻഗണന. രാജ്യത്തെ പാവപ്പെട്ടവർക്ക് വീട് നൽകുന്നതിനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.
കേരളത്തിന് കേന്ദ്രസർക്കാർ നൽകിയ സഹായങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി എണ്ണി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കേരളത്തിൽ രണ്ട് ലക്ഷം വീടുകൾക്ക് അംഗീകാരം നൽകി. 1.30 ലക്ഷത്തിലധികം വീടുകൾ ഇതിനകം പൂർത്തീകരിച്ചു.
'എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ്' : കേരളത്തിൽ ആധുനിക അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായുള്ള വിവിധ പദ്ധതികൾക്കായി ഒരു ലക്ഷം കോടി രൂപയാണ് കേന്ദ്രം ചെലവഴിച്ചത്. കേരളത്തിലെ നിർധനരായ രോഗികൾക്ക് സർക്കാർ ചികിത്സ നൽകി. എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു മെഡിക്കൽ കോളജ് എങ്കിലും തുറക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇത് കേരളത്തിൽ ഉൾപ്പടെ നഴ്‌സിങ് രംഗത്ത് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും മോദി പറഞ്ഞു.
ബിജെപി സംസ്ഥാനങ്ങളിൽ ഇരട്ട എഞ്ചിൻ സർക്കാർ: നരേന്ദ്ര മോദി കേരളത്തിന്‍റെ ദേശീയപാത വികസനത്തിന് 5,000 കോടി വകയിരുത്തി. ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 3,000 കോടി രൂപയാണ് ചെലവഴിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിൽ ഒന്നര കോടി ജനങ്ങൾക്ക് വേണ്ടി 6,000 കോടി രൂപ ചെലവഴിച്ചുവെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
കേരളത്തിലെ ജനങ്ങൾ ബിജെപിയെ പുതിയ പ്രതീക്ഷയായി കാണുന്നു. അഴിമതി ആരോപണങ്ങൾ നേരിടുന്നവരെ സംരക്ഷിക്കാൻ ചില ഗ്രൂപ്പുകൾ മുന്നോട്ടുവരികയും ഒരു വിഭാഗമായി സംഘടിക്കുകയുമാണ്. അഴിമതി വിരുദ്ധ നടപടികൾക്കെതിരെ പുതിയ ധ്രുവീകരണമാണ് നടക്കുന്നത്. പുതിയ രാഷ്‌ട്രീയ കൂട്ടുകെട്ടുകൾക്ക് കാരണം അഴിമതി വിരുദ്ധ നടപടികളാണെന്നും മോദി കൂട്ടിച്ചേർത്തു.
ഓണാശംസ നേർന്ന് മോദി : ഓണവേളയിൽ കേരളത്തിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കേരളീയ വേഷം ധരിച്ചെത്തിയ പ്രധാനമന്ത്രി മലയാളത്തിലായിരുന്നു പ്രസംഗം തുടങ്ങിയത്. കേരളം സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും മനോഹരമായ പ്രകൃതിയും കൊണ്ട് അനുഗ്രഹീതമാണ്. മലയാളികൾക്ക് ഓണാശംസ നേരുന്നതായും പ്രധാനമന്ത്രി മലയാളത്തിൽ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയത്.
കൊച്ചി രാജ്യാന്തര വിമാനത്താവത്തിലെത്തിയ മോദിക്ക് ഊഷ്‌മള സ്വീകരണമാണ് നൽകിയത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, അൻവർ സാദത്ത് എംഎൽഎ, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും
ബിജെപി കോർ കമ്മിറ്റി യോഗത്തിലും പ്രധാനമന്ത്രി സംബന്ധിക്കും. അതേസമയം, ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് നാളെ പ്രധാനമന്ത്രി കമ്മിഷൻ ചെയ്യും. വെള്ളിയാഴ്‌ച രാവിലെ 9.30 മുതൽ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്‍റെ കമ്മിഷൻ ചടങ്ങുകൾ നടക്കുക. കൊച്ചിയിലെ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി മംഗലാപുരത്തേക്ക് തിരിക്കും.