എറണാകുളം :രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.40ന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്ന രാഷ്‌ട്രപതിയുടേത് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ്. കൊച്ചി വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ സ്വീകരിക്കും. കേരളത്തിൽ വിവിധ ജില്ലകളിലെ പര്യടന ശേഷം മാർച്ച് 18ന് കന്യാകുമാരിക്ക് യാത്ര തിരിക്കും.
കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്ന രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ത്യ തദ്ദേശീയമായി നിർമിച്ച നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. അവിടെ നിന്ന് ഐഎൻഎസ് ഗരുഡയിൽ എത്തും. തുടർന്ന് നാവികസേനയുടെ ഭാഗമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്‌ട്രപതിയുടെ ഉയർന്ന ബഹുമതിയായ 'നിഷാൻ' സമ്മാനിക്കും. വൈകിട്ട് 4.20 നാണ് ചടങ്ങുകൾ.
ഇൻഡ്യൻ നേവിയുടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം വൈകുന്നേരം 6.55ന് കൊച്ചി വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. വൈകിട്ട് 7.40ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്‌ട്രപതി ഹോട്ടൽ ഹയാത്ത് റീജൻസിയിൽ താമസിക്കും. 17ന് രാവിലെ 8.35ന് ഹെലികോപ്‌ടറിൽ കൊല്ലം വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തിലേക്ക് യാത്ര തിരിക്കും.