എറണാകുളം: തീപിടിത്തമുണ്ടായ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റിലെ വീഴ്‌ചയും കരാറുകൾക്ക് പിന്നിലെ അഴിയതി ആരോപണവും വീണ്ടും ചർച്ചയാക്കാൻ ഒരുങ്ങി ബിജെപി. സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ കരാറുകൾക്ക് പിന്നിലെ സാമ്പത്തിക ക്രമക്കേടിലും, ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നിലെ അട്ടിമറി ആരോപണത്തിലും സിബിഐ, ഇ ഡി അന്വേഷണങ്ങളും ബിജെപി ആവശ്യപ്പെടുന്നു. മാലിന്യ പ്ലാന്‍റിലെ വൻ തീപിടിത്തത്തിന്‍റെ ഉത്തരവാദിത്തം കോർപ്പറേഷൻ മേയർക്കാണെന്ന് ആരോപിച്ച് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയ അവതരണ കൗൺസിലിൽ നിന്നും ബിജെപി കൗൺസിലർമാർ വിട്ടു നിന്നിരുന്നു.
ഇതോടെ ബിജെപിയുടെ ബ്രഹ്മപുരം സമരം പ്രഹസനമാണെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നിൽ സിപിഎം, ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കോൺഗ്രസും ആരോപിച്ചു. ഇതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന പ്രഭാരിയും, മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കർ മാലിന്യ സംസ്ക്കരണ പ്ലാന്‍റ് സന്ദർശിച്ചത്.
പ്ലാന്‍റിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച പ്രകാശ് ജാവദേക്കർ ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണത്തിന് വേണ്ട ക്രമീകരണങ്ങളില്ലെന്ന് വിലയിരുത്തി. സംസ്ഥാന സർക്കാറിനെതിരെയും കോർപറേഷൻ ഭരിക്കുന്ന ഇടതുമുന്നണിക്കെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മാലിന്യ സംസ്‌കരണത്തിന് വ്യക്തമായ മാർഗനിർദേശം നൽകുകയും നിയമം കൊണ്ടുവരികയും ചെയ്‌തിട്ടുണ്ട്.
കേന്ദ്ര സോളിഡ് വേയ്‌സ്‌റ്റ് മാനേജ്മെന്‍റ് നിയമപ്രകാരം ജൈവ മാലിന്യം, പ്ലാസ്‌റ്റിക് മാലിന്യം, ആശുപത്രി മാലിന്യം, ഇലക്‌ട്രോണിക് വേയ്‌സ്‌റ്റ് തുടങ്ങിയ മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കാനാണ് നിർദേശിക്കുന്നത്. എന്നാൽ, ബ്രഹ്മപുരത്ത് കാണാൻ കഴിഞ്ഞത് മാലിന്യം വേർതിരിക്കുന്ന നടപടികളൊന്നും ഇവിടെ നടക്കുന്നില്ലെന്നാണ്. ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുകയും വിവാദമുണ്ടായിട്ടും ബ്രഹ്മപുരത്ത് ഒരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.