എറണാകുളം: കളമശ്ശേരി മണ്ഡലത്തിലെ സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം നൽകുന്ന 'പോഷക സമൃദ്ധം പ്രഭാതം' എന്ന പദ്ധതിക്ക് തുടക്കമായി. കരുമാലൂർ തട്ടാംപടി സെന്‍റ് ലിറ്റിൽ തെരാസസ് യു.പി സ്‌കൂളിൽ മന്ത്രി പി രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്‌തു. സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്.
കുട്ടികളുടെ പ്രഭാത ഭക്ഷണത്തെകുറിച്ച് ഇനി ആശങ്കപെടേണ്ട; സ്‌കൂളുകളിൽ 'പോഷക സമൃദ്ധം പ്രഭാതം' പദ്ധതിക്ക് തുടക്കമായി പല കുട്ടികളും രാവിലെ തിരക്കുമൂലം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണെന്നും അതിനാൽ പോഷക സമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ഉറപ്പു വരുത്തേണ്ടതാണെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വികാസത്തിന് പോഷക സമൃദ്ധമായ പ്രഭാതഭക്ഷണം പ്രധാന പങ്കുവഹിക്കുന്നതായി നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാർവത്രിക പ്രഭാതഭക്ഷണ പരിപാടി ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രഭാത ഭക്ഷണം ലഭ്യമാകുന്നത് 10 രൂപ നിരക്കില്‍:മണ്ഡലത്തിലെ 39 സർക്കാർ - എയ്‌ഡഡ് എൽ. പി, യു.പി സ്‌കൂളുകളിലെ എണ്ണായിരം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒരു കുട്ടിക്ക് പത്ത് രൂപ നിരക്കിലാണ് ഭക്ഷണം ലഭ്യമാക്കുന്നത്. പദ്ധതിക്ക് പിന്തുണ നൽകിയ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
വിദ്യാഭ്യാസ വകുപ്പിന്‍റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ലിസ്റ്റ് അടിസ്ഥാനമാക്കി വ്യത്യസ്‌ത വിഭവങ്ങളായിരിക്കും ഓരോ ദിവസവും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. കളമശ്ശേരി നിയോജകമണ്ഡലത്തിലെ എം.എൽ.എയും നിയമ കയർ വ്യവസായ വകുപ്പ് മന്ത്രിയുമായ പി. രാജീവിന്‍റെ നേതൃത്വത്തിൽ കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാർഥികൾക്കൊപ്പം പദ്ധതിയുടെ ഭാഗമായാണ് പോഷക സമൃദ്ധം പ്രഭാതം യാഥാർഥ്യമാക്കിയത്.