എറണാകുളം:ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തമാസിച്ചയാളെ പൊലീസ് പിടികൂടി. ഇയാളുടെ പക്കൽ നിന്നും മയക്കുമരുന്നും എയർ ഗണ്ണുകളും കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ മലപ്പുറം സ്വദേശി മുഹമ്മദ് നദീമിനെ മുളവുകാട് പൊലീസ് അറസ്റ്റു ചെയ്തു.
ആൾമാറാട്ടം നടത്തി പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചയാൾ കൊച്ചിയില്‍ അറസ്റ്റിൽ - Latest Malayalam news updates
എൻഐഎയുടെ കാർഡുപയോഗിച്ച് ഇയാൾ ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത് ഹോട്ടലിൽ താമസിക്കുകയായിരുന്നു.
ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത് ഹോട്ടലിൽ താമസിച്ചിരുന്ന നദീമിന്‍റെ മുറിയിൽ കഴിഞ്ഞ ദിവസം ചില സുഹൃത്തുക്കൾ എത്തിയിരുന്നു. ഇവാരിലൊരാൾ തന്‍റെ സാധനങ്ങൾ മോഷ്ടിച്ചുവെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും നദീം ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. പൊലീസിന് മാത്രമേ ദൃശ്യങ്ങൾ കൈമാറാൻ കഴിയൂ എന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഈ സമയം താൻ ദേശീയ അന്വേഷണ ഉദ്യോഗസ്‌ഥൻ ആണെന്ന് പറഞ്ഞ ഇയാൾ മൊബൈലിൽ ഉണ്ടായിരുന്ന വ്യാജ തിരിച്ചറിയൽ കാർഡിന്‍റെ ഫോട്ടോ കാണിച്ചു. സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് മുളവുകാട് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്നും കഞ്ചാവും എംടിഎംഎ ഇനത്തിൽ പെട്ട മയക്ക് മരുന്നും കണ്ടെത്തുകയായിരുന്നു.
എയർ ഗണ്ണും എയർ പിസ്റ്റലും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇയാൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.