എറണാകുളം : പോക്‌സോ കേസില്‍ ഹോട്ടല്‍ 18 ഉടമ റോയ് ജെ വയലാട്ട് കീഴടങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്‍റെ സുഹൃത്ത് സൈജു എം തങ്കച്ചനും പൊലീസില്‍ കസ്‌റ്റഡിയില്‍. തിങ്കളാഴ്ച രാവിലെയോടെ സിറ്റി പൊലീസ് സ്റ്റേഷനിലെത്തിയ തങ്കച്ചന്‍ സ്വമേധയാ കീഴടങ്ങുകയായിരുന്നു. ഞായറാഴ്‌ചയാണ് റോയ് ജെ വയലാട്ട് പൊലീസിന് പിടികൊടുത്തത്. തങ്കച്ചന്‍റെ അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
അറസ്‌റ്റില്‍ നിന്നുള്ള സംരക്ഷണം സുപ്രീം കോടതിയും ഹൈക്കോടതിയും നിഷേധിച്ചതിന് പിന്നാലെയാണ് ഇരുവരും പൊലീസില്‍ കീഴടങ്ങാന്‍ തയ്യാറായത്. കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള പ്രതികളുടെ ഹർജിയിൽ സുപ്രീംകോടതി വെള്ളിയാഴ്‌ച ഇളവ് നിഷേധിച്ചിരുന്നു. പ്രതികള്‍ക്ക് മുൻകൂർ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് കേരള ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. എന്നാൽ, സഹപ്രതിയായ അഞ്ജലി വടക്കേപുരയ്ക്കലിന് സ്‌ത്രീയെന്ന പരിഗണന നല്‍കി ഹൈക്കോടതി നേരത്തേ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.