എറണാകുളം:പിറവം സെന്‍റ് മേരീസ് പള്ളിയിലുണ്ടായിരുന്ന മെത്രാപൊലീത്തന്മാരെയും വൈദികരെയും ഉള്‍പ്പടെയുള്ള യാക്കോബായ വിഭാഗക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. വിശ്വാസികള്‍ സ്വമേധയാ അറസ്റ്റ് വരിക്കുകയായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് വിശ്വാസികളെ പള്ളിയില്‍ നിന്നും നീക്കം ചെയ്തത്. ഹൈക്കോടതി വിധി നടപ്പാക്കാനുള്ള നടപടിക്രമം പൊലീസ് ഉച്ചക്ക് ഒരു മണിയോടെയാണ് ആരംഭിച്ചത്. പള്ളിയില്‍ പ്രവേശിക്കാനെത്തിയ പൊലീസിനെ വിശ്വാസികള്‍ തടഞ്ഞതോടെ പള്ളിയുടെ ഗേറ്റ് പൊളിച്ച് മാറ്റിയാണ് പൊലീസ് അകത്തേക്ക് കയറിയത്. പ്രാര്‍ഥനാപൂര്‍വ്വം അറസ്റ്റ് വരിക്കുകയാണെന്ന് മെത്രാപ്പൊലീത്ത ട്രസ്റ്റിയായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.
തങ്ങളുടെ ഭാഗം ആരും കണ്ടില്ല. രാജ്യത്ത് സത്യം മറച്ചു വയ്ക്കപ്പെടുന്നെന്നും ഞങ്ങളുടെ സത്യം നീതിപീഠം കണ്ടില്ലെന്നും യാക്കോബായ സഭയുടെ മെത്രാപ്പോലീത്ത ഏലിയാസ് മാർ അത്താനാസിയോസ് പറഞ്ഞു.
മെത്രാപ്പോലീത്ത ഏലിയാസ് മാർ അത്താനാസിയോസിന്‍റെ പ്രതികരണം ഇന്ന് രാവിലെ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് പള്ളിക്കുള്ളിലുള്ളവരെ പുറത്താക്കിയ ശേഷം ഉച്ചക്ക് 1.45ന് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. ഉച്ചക്ക് കേസ് കോടതി പരിഗണിച്ചപ്പോള്‍ 67 പേരെ പള്ളിയില്‍ നിന്നും അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിറവം പള്ളി കലക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പള്ളിയിലും പരിസരത്തും സമാധാനം പുനഃസ്ഥാപിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതി ഉത്തരവ് ഒരു തരത്തിലും ലംഘിക്കാന്‍ ഇട വരുത്തരുത് - കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. നാളെ ഉച്ചക്ക് കേസ് വീണ്ടും പരിഗണിക്കും.
കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പള്ളിയുടെ നിയന്ത്രണം ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഏറ്റെടുത്തു. പള്ളിയുടെ താക്കോല്‍ മുവാറ്റുപ്പുഴ ആര്‍.ഡി.ഒക്ക് കൈമാറി. താക്കോല്‍ നാളെ ഹൈക്കോടതിക്ക് കൈമാറും. പള്ളി ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് കൈമാറുന്നത് നിയമവിദഗ്ധരുമായി സംസാരിച്ച ശേഷമാകുമെന്നും കലക്ടര്‍ അറിയിച്ചു.
ജില്ലാ കലക്‌ടറുടെ പ്രതികരണം സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെയാണ് ഓർത്തഡോക്‌സ് വിഭാഗം പള്ളി പരിസരത്ത് എത്തിയത്. എന്നാൽ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും തങ്ങളെ കൊലപ്പെടുത്തിയതിന് ശേഷം മാത്രമേ മറുവിഭാഗത്തെ പള്ളിയിൽ കയറാൻ അനുവദിക്കുകയുള്ളൂ എന്നും യാക്കോബായ വിഭാഗം പറഞ്ഞു. കോടതി വിധി നടപ്പാക്കുവാൻ പൊലീസ് രാത്രിയോടെ പള്ളി അങ്കണത്തിൽ എത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പിന്തിരിയുകയായിരുന്നു.