എറണാകുളം:Pink police Harassment Case ആറ്റിങ്ങലിൽ പെൺകുട്ടിയെ പരസ്യ വിചാരണ നടത്തി പിങ്ക് പൊലീസ് അപമാനിച്ച വിഷയത്തിൽ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. എത്ര കൊടുക്കാനാവും എന്ന് സർക്കാർ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ചാരക്കേസിൽ നമ്പി നാരായണന് നഷ്ടപരിഹാരം നൽകിയത് പോലെ ഈ കേസിലും പരാതിക്കാരിക്ക് നഷ്ട്ട പരിഹാരം നൽകണമെന്നും കോടതി അഭിപ്രായപ്പെട്ടു.
അതേസമയം കേസിൽ കോടതി ഇന്നും പൊലീസിനും സർക്കാറിനുമെതിരെ വിമർശനം തുടർന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് ഹൈക്കോടതി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥക്കെതിരെ എന്ത് നടപടിയെടുത്തു. എന്തു കൊണ്ടാണ് ഇനിയും അച്ചടക്ക നടപടിയെടുക്കാന്‍ മടിക്കുന്നത്. പൊലീസുകാരിയെ സംരക്ഷിക്കാൻ പൊലീസ് മേധാവി ശ്രമിക്കുന്നത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു.
Also Read: High court slams pink police: പൊലീസിനെതിരെ വീണ്ടും ഹൈക്കോടതി, മാപ്പപേക്ഷിച്ച് രക്ഷപ്പെടാൻ പിങ്ക് പൊലീസ്
പൊലീസ് ക്ലബ്ബിൽ ഇരുന്നാണോ ഒരാൾക്കെതിരെ അന്വേഷണം നടത്തുന്നത്. പൊതുജന മധ്യത്തിൽ ഇറങ്ങിയാണ് അന്വേഷിക്കേണ്ടത്. മാനസിക പിന്തുണയല്ല ഇനി കുട്ടിക്ക് വേണ്ടതെന്നും കോടതി പറഞ്ഞു. സ്ഥലംമാറ്റം അച്ചടക്കനടപടിയല്ലെന്ന് കോടതി ആവര്‍ത്തിച്ചു. സ്ഥലം മാറ്റം കിട്ടിയ സ്ഥലത്തും പൊലീസുകാരി ഇതു തന്നെ ആവര്‍ത്തിച്ചാല്‍ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചു.
കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ഹാജരായി. കുട്ടിയുടെ മാനസിക ആരോഗ്യത്തില്‍ പ്രശ്നങ്ങളില്ലെന്ന് കോടതിയെ അറിയിച്ചു. പൊലീസുകാരിയുടെ മാപ്പപേക്ഷ സ്വീകാര്യമല്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. കേസ് വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.