എറണാകുളം: മുഖ്യമന്ത്രിപിണറായി വിജയൻ ഇടതുമുന്നണിയുടെ പ്രചാരണങ്ങളുടെ അഗ്രഗാമിയെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. പാർട്ടിയാണ് ക്യാപ്റ്റനെന്ന പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ചായിരുന്നു പ്രതികരണം. പ്രതിപക്ഷം സംഘടിതവും ആസൂത്രിതവുമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. ഇതിനെയെല്ലാം അതിജീവിക്കുമെന്നും 2016 ലേതിനേക്കാള്‍ കൂടുതൽ സീറ്റ് നേടി അധികാരത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി പ്രചാരണങ്ങളുടെ അഗ്രഗാമിയെന്ന് എ വിജയരാഘവൻ - എ. വിജയ രാഘവൻ
ഇടതുമുന്നണിക്ക് മാത്രമേ കേരളത്തിൽ വികസനം സാധ്യമാക്കാൻ കഴിയൂ, കഴിഞ്ഞ തവണ യുഡിഎഫ് പിന്തുണയോടെ ബിജെപി നേടിയ വിജയം നേമത്ത് ആവര്‍ത്തിക്കില്ലെന്നും എ. വിജയ രാഘവൻ
നൂറിൽ കൂടുതൽ സീറ്റുകൾ നേടാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. ഇടതുമുന്നണിക്ക് മാത്രമേ കേരളത്തിൽ വികസനം സാധ്യമാക്കാൻ കഴിയുകയുള്ളൂ. യുഡിഎഫ് പിന്തുണയോടെ കഴിഞ്ഞ തവണ ബിജെപി നേടിയ വിജയം നേമത്ത് ആവർത്തിക്കില്ല. വികസനത്തിനും മതനിരപേക്ഷതയുടെ സംരക്ഷണത്തിനും വേണ്ടി ജനങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യും. ജനവിധി വികസനത്തിനും മതനിരപേക്ഷതയ്ക്കും അനുകൂലമായിരിക്കും. പൗരത്വം തെളിയിക്കാനുള്ള ഫോറം പൂരിപ്പിക്കാൻ സഹായിക്കുമെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. രാഹുലും പ്രിയങ്കയും എൽഡിഎഫിനെ മാത്രമാണ് വിമർശിച്ചതെന്നും എ വിജയരാഘവന്‍ പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞത് അവർ ഭാഷ മാറ്റിപ്പറഞ്ഞുവെന്ന് മാത്രം. ന്യൂനപക്ഷ താൽപര്യം ബലികഴിച്ചിട്ടാണെങ്കിലും ബിജെപി സഹായത്തോടെ സീറ്റുകൾ നേടാനാവുമോ എന്നാണ് യുഡിഎഫ് നോക്കുന്നത്. സംഘപരിവാർ സഹായത്തോടെ തുടർ ഭരണം തടയാൻ യുഡിഎഫ് ശ്രമിക്കുകയാണ്. ഇതിനെ ജനം തിരസ്കരിക്കും. സംഘപരിവാർ നേതാവിന് അപ്പുറത്തേക്ക് ഉയരാൻ കേരളത്തിലെ പ്രസംഗങ്ങളിൽ നരേന്ദ്രമോദിക്ക് കഴിഞ്ഞില്ല. കേരളത്തിന്‍റെ വികസനത്തെക്കുറിച്ച് മോദി മിണ്ടിയില്ലെന്നും അദ്ദേഹം വിമർശിച്ചു.