എറണാകുളം:എന്‍ഐഎ അറസ്റ്റ് ചെയ്‌ത നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും അഭിഭാഷകനുമായ എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയുടെ പരിഗണനയില്‍. പിഎഫ്‌ഐയുടെ രഹസ്യവിഭാഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന മുബാറക്കിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ആവശ്യം. കൊച്ചി എന്‍ഐഎ കോടതിയാണ് അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിക്കുന്നത്.
ജനുവരി 13 വരെ പ്രതിയെ കോടതി നേരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടുള്ള സംഘത്തിലെ അംഗമാണെന്നും പിഎഫ്ഐ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയെന്ന ഗുരുതരമായ ആരോപണമാണ് എൻഐഎ ഉന്നയിച്ചത്. അഭിഭാഷകനായ മുബാറക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതിയില്‍ കൈകാര്യം ചെയ്‌തിരുന്നു.
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ പിടികൂടിയിരുന്നതായും കേന്ദ്ര അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു. വീട്ടില്‍ നടത്തിയ റെയ്‌ഡിന് പിന്നാലെയാണ് മുബാറക്കിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്. സംസ്ഥാന വ്യാപകമായി കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തിയ റെയ്‌ഡിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത നാല് പേരില്‍ മുബാറക്കിനെ മാത്രമാണ് അറ്സ്റ്റ് ചെയ്‌തത്.
കഴിഞ്ഞ വ്യാഴാഴ്‌ച പുലര്‍ച്ചെ രണ്ടിന് പോപ്പുലര്‍ ഫ്രണ്ടിന്‍റെ രണ്ടാം നിര നേതാക്കളുടെ വീടുകളിലായിരുന്നു എന്‍ഐഎ മിന്നല്‍ പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലായിരുന്നു റെയ്‌ഡ്. എറണാകുളം ജില്ലയിൽ മാത്രം ഒരു ഡസൻ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഞാറക്കൽ, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന.
സംസ്ഥാന പൊലീസിന്‍റെ സഹായത്തോടെയായിരുന്നു കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നടപടി. നേരത്തെ സംസ്ഥാന പൊലീസിനെ അറിയിക്കാതെ സിആർപിഎഫിന്‍റെ സഹായത്തോടെ നടത്തിയ റെയ്‌ഡിലായിരുന്നു പോപ്പുലർ ഫ്രണ്ടിന്‍റെ ഒന്നാം നിര നേതാക്കളെ പിടികൂടിയത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ തുടര്‍നടപടി സ്വീകരിച്ചത്.