എറണാകുളം:ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌ത പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുൽ സത്താറിനെ ഇന്ന് (സെപ്‌റ്റംബർ 29) ഉച്ചയ്ക്ക് ശേഷം കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിൽ ഹാജരാക്കും. കൊച്ചിയിൽ രജിസ്റ്റർ ചെയ്‌ത കേസില്‍ മൂന്നാം പ്രതിയാണ് അബ്‌ദുല്‍ സത്താർ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയതിലും സമൂഹമാധ്യമങ്ങൾ വഴി തീവ്രവാദ സംഘടനകളിലേയ്ക്ക് യുവാക്കളെ ചേർത്തതിലും അബ്‌ദുൾ സത്താറിന് പങ്കുണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ.
എൻഐഎയുടെ ആരോപണങ്ങള്‍: നേരത്തെ അറസ്റ്റിലായ പ്രതികൾക്കെതിരെ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണങ്ങൾ സത്താറിനെതിരെയും എൻഐഎ ഉന്നയിക്കും. വിവിധ മതങ്ങളിലും ഗ്രൂപ്പുകളിലും ഉള്ളവർ തമ്മിൽ ശത്രുത സൃഷ്‌ടിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഢാലോചന നടത്തി. പൊതു സമാധാനം തകർക്കാനും ഇന്ത്യയ്‌ക്കെതിരെ അതൃപ്‌തി ഉളവാക്കാനുമുള്ള ഉദ്ദേശ്യത്തോടെയുള്ള ക്രിമിനൽ ബലപ്രയോഗത്തെ ന്യായീകരിക്കുന്ന ബദൽ നീതിന്യായ സംവിധാനം സൃഷ്‌ടിച്ചു.
രാജ്യത്തെ യുവാക്കളെ അല്‍ ഖ്വയ്‌ദ, ലഷ്‌കര്‍ ഇ തെയ്‌ബ, ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾ പ്രേരിപ്പിച്ചു. പ്രതികൾ സംഘടിത കുറ്റകൃത്യങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളായി. സമൂഹത്തിലെ മറ്റ് മതവിഭാഗങ്ങളെ ഭയപ്പെടുത്തുകയും പൊതുസമൂഹത്തിൽ ഭയം സൃഷ്‌ടിക്കുകയും ചെയ്യുന്നതായി കണ്ടെത്തി എന്നിവയാണ് എന്‍ഐഎയുടെ ആരോപണങ്ങള്‍.