എറണാകുളം: ഇരട്ട വോട്ട് ആരോപണവുമായി ബന്ധപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപകമായി ഇരട്ട വോട്ടുകൾ ഉണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.
ഇരട്ട വോട്ട് ആരോപണം; തെരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി - election commision
മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ എതിർ കക്ഷിയാക്കിയാണ് പ്രതിപക്ഷ നേതാവ് ഹർജി സമർപ്പിച്ചത്
ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്‌ചത്തേക്ക് മാറ്റി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ എതിർ കക്ഷിയാക്കിയാണ് പ്രതിപക്ഷ നേതാവ് ഹർജി സമർപ്പിച്ചത്. പ്രശ്‌നം അതീവ ഗൗരവമാണെന്നും സംസ്ഥാന വ്യാപകമായി 4.34 ലക്ഷത്തിലധികം വ്യാജ വോട്ടുകളാണ് വോട്ടർ പട്ടികയിൽ ചേർത്തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇത്തരത്തിലുള്ള ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നും ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന താൻ മാർച്ച് 17 മുതൽ അഞ്ച് തവണകളായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും മാർച്ച് 22ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെങ്കിലും തുടർ നടപടികൾ സ്വീകരിച്ചില്ലെന്നും രമേശ് ചെന്നിത്തല ഹർജിയിൽ വ്യക്തമാക്കി.